
ദില്ലി: അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ഗ്രൂക്ക് പൊഡുങ്ങ് പ്രതിയായ ബലാംത്സംഗ കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവ ഡോക്ടര്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിക്കാരി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പോലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടിയെന്നും യുവതി ദില്ലിയില്‍ പറഞ്ഞു.
രണ്ട് മാസമായി താൻ വലിയ മാനസികസമ്മർദ്ദത്തിലാണ്. എംഎൽഎ ഗ്രൂക്ക് പൊഡുങ്ങ് തന്റെ കുടുംബത്തെ ഇല്ലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അരുണാചൽ സർക്കാരും പൊലീസും എംഎഎൽക്കൊപ്പമാണെന്നും യുവതി പറയുന്നു.കേസ് എടുത്തിരുന്നു. പക്ഷേ പോലീസ് എഫ്ഐആറിൽ കൃത്രിമം കാട്ടി. തന്‍റെ മൊഴി ശരിയായ രീതിയിലല്ല പൊലീസ് രേഖപ്പെടുത്തിയത്. എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയാല്‍ അതിന്‍റെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് നേരത്ത തന്നെ പറഞ്ഞതായും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം താന്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ ഉയരുന്നത് വെറും ആരോപണം മാത്രമാണെന്നും എംഎല്‍എ ഗ്രൂക്ക് പൊഡുങ്ങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിപ്പോള്‍ കോടതിയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. നിയമത്തില്‍ വിശ്വാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കേസിൽ അറസ്റ്റിലായ ഗ്രൂക്ക് പൊഡുങ്ങ് ഇപ്പോൾ ജ്യാമത്തിലാണ്. ജ്യാമത്തിൽ ഇറങ്ങിയതിനെ ശേഷം കേസ് പിൻവലിക്കാൻ എംഎല്‍എ സമ്മർദ്ദം ചെലുത്തുകയാണെന്ന് യുവതിയുടെ ഭർത്താവും പറയുന്നു. ഈ വർഷം ഒക്ടോബര്‍ 12 ന് പേരിൽ ഡോക്ടറായ യുവതിയെ ഔദ്യോഗിക യോഗത്തിനെന്ന പറഞ്ഞ് എംഎല്‍എ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‍തെന്നാണ് പരാതി. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാനാണ് യുവതി ദില്ലിയില്‍ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam