യുപിയിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട യുവതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വേണ്ടി സഞ്ചരിച്ചത് 800 കിലോമീറ്റർ

By Web TeamFirst Published Oct 5, 2020, 5:31 PM IST
Highlights

യുവതിയെ ലഖ്‌നൗവിൽ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയും, അവരുടെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണി മുഴക്കുകയും ഒക്കെ ചെയ്ത വ്യക്തി, തനിക്ക് ഉത്തർപ്രദേശ് പൊലീസിൽ ഉന്നതബന്ധങ്ങളുണ്ടെന്നു ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു യുവതിയുടെ ഈ നടപടി. 

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട 22 കാരിയായ യുവതി, ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വേണ്ടി യാത്രചെയ്തു ചെന്നത് 800 കിലോമീറ്റർ അകലെയുള്ള, മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക്. ആ യുവതിയെ ലഖ്‌നൗവിൽ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയും, അവരുടെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണി മുഴക്കുകയും ഒക്കെ ചെയ്ത വ്യക്തി, തനിക്ക് ഉത്തർപ്രദേശ് പൊലീസിൽ ഉന്നതബന്ധങ്ങളുണ്ടെന്നും, പരാതിപ്പെടാൻ പൊലീസ് സ്റ്റേഷനിൽ പോകരുത് എന്നൊക്കെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു യുവതിയുടെ ഈ നടപടി എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നാഗ്പൂരിൽ ഉണ്ടായിരുന്ന യുവതിയുടെ സുഹൃത്താണ് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാനും, പരാതി നൽകാനും ഒക്കെ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു നൽകിയത്. 

സീറോ എഫ്‌ഐആർ എന്നത് രാജ്യത്തെ ഏതൊരു പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. പിന്നീട്, സംഭവം നടന്നത് ഏത് സ്റ്റേഷൻ പരിധിക്കുള്ളിൽ വെച്ചാണോ അവിടേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും. ചില പൊലീസ് സ്റ്റേഷനുകളിൽ, വിശേഷിച്ച് യുപിയിലെ ചില പൊലീസ് സ്റ്റേഷനുകളിൽ പരാതിപ്പെടാൻ ചെല്ലുന്ന പീഡിതരായ യുവതികളെ പൊലീസുകാർ തന്നെ നിരുത്സാഹപ്പെടുത്താറുണ്ട്. ആ സാഹചര്യത്തിലാണ്, തന്നെ പീഡിപ്പിച്ച വ്യക്തിക്ക് പൊലീസിൽ സ്വാധീനമുണ്ട് എന്ന് ഭീഷണികൂടി മുഴക്കിയപ്പോഴാണ്, ഈ യുവതി ഒരു എഫ്‌ഐആർ ഇടാൻ വേണ്ടി ഇത്രയും ദൂരം സഞ്ചരിച്ചു ചെന്നത്.

ഈ യുവതി 2018 -ലാണ് ഒരു തൊഴിൽ തേടി നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അന്നുതൊട്ട് ലഖ്‌നൗ ഫൈസാബാദ് റോഡിലുള്ള ഒരു സ്ത്രീ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് ഇവർ താമസം. മറ്റൊരു സ്നേഹിതയാണ് ഇവരെ പ്രവീൺ രാജ്പാൽ യാദവ് എന്ന യുവാവുമായി പരിചയപ്പെടുത്തുന്നത്. ഇവർ പരിചയപ്പെടുമ്പോൾ ദുബായിൽ നെറ്റ്‌വർക്ക് എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു പ്രവീൺ. ഒരു സുഹൃത്തുമായി നടന്ന സാമ്പത്തിക തർക്കത്തിനൊടുവിൽ ഈ നേപ്പാളി യുവതിയും സുഹൃത്തും തമ്മിൽ തർക്കമുണ്ടായി എന്നും, അപ്പോൾ നാട്ടിലെത്തിയ പ്രവീൺ യുവതിയെ ഒരു ഹോട്ടലിൽ എത്തിച്ച് മയക്കുമരുന്നു നൽകി ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി. അതിനു ശേഷം യുവാവ് ഈ യുവതിയുടെ നഗ്ന ചിത്രങ്ങളും മറ്റും ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുകയും ചെയ്തു എന്നാണ് പരാതി. അതിനു ശേഷം നിരന്തരം ഭീഷണിയായതോടെയാണ് യുവതി രക്ഷപ്പെട്ടോടി നാഗ്പൂരിലെ സുഹൃത്തിനടുത്തേക്ക് ചെല്ലുന്നതും അവിടെ നിന്ന് പരാതി നൽകുന്നതും. നാഗ്പൂർ പോലീസ് ഈ കേസ് ലഖ്‌നൗ പൊലീസിന് കൈമാറിയിരിക്കുകയാണ് ഇപ്പോൾ. 

click me!