ചൈനയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി; സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും

By Web TeamFirst Published Apr 16, 2020, 2:09 PM IST
Highlights
ചൈനയില്‍ നിന്നെത്തിയ കിറ്റുകള്‍ ഇന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും. ദ്രൂത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
 
ദില്ലി: കൊവിഡ് 19 വൈറസ് ബാധ നേരിടാന്‍ ഇന്ത്യക്ക് സഹായവുമായി ചൈന. കൊവിഡ് ദ്രുതപരിശോധനക്കുള്ള (റാപ്പിഡ് ടെസ്റ്റ്) ആറര ലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയില്‍ നിന്നെത്തിയ കിറ്റുകള്‍ ഇന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും. ദ്രൂത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകി. ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും  എത്തിയത്  ആശ്വാസമാണ്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുതുടങ്ങും.

സമൂഹ വ്യാപനമില്ല എന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ അത് പൂര്‍ണമായി ഐസിഎംആര്‍ അംഗീകരിക്കുന്നില്ല. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ.

ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കി ചൈനയുടെ സഹായം എത്തിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് മില്യണ്‍ കിറ്റുകള്‍ കൂടി ചൈനയില്‍ നിന്ന് എത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.
 
click me!