
ദില്ലി: ദില്ലി കലാപത്തിനിടെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറിലാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ ഈ നിഗമനം തിരുത്തുന്നതാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.
രത്തന്‍ ലാലിന്‍റെ മൃതദേഹത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രത്തന്‍ ലാലിന്‍റെ ഇടതു തോളിലൂടെ വലതു തോളിലേക്ക് വെടിയുണ്ട തുളച്ചു കയറുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സംഘർഷം അക്രമാസക്തമാകുകയും വർഗീയ കലാപത്തിന് വഴി തെളിക്കുകയും ചെയ്ത ദില്ലിയില്‍ ഒരു പൊലീസുകാരനുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു രത്തൻലാൽ. അതേസമയം ദില്ലി സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചു. അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തൻലാലിനെക്കുറിച്ച് അമിത് ഷാ കത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് അമിത് ഷാ കത്തിൽ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തൻ ലാലിന്‍റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തിൽ അമിത് ഷാ പറഞ്ഞു.
രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam