രാവണനും കംസനും സനാതനധർമം ഉന്മൂലനം ചെയ്യാനായില്ല, അധികാരമോഹികളായ പരാന്നഭോജികൾക്കും കഴിയില്ല: യോഗി ആദിത്യനാഥ്

Published : Sep 08, 2023, 12:41 PM ISTUpdated : Sep 08, 2023, 12:48 PM IST
രാവണനും കംസനും സനാതനധർമം ഉന്മൂലനം ചെയ്യാനായില്ല, അധികാരമോഹികളായ പരാന്നഭോജികൾക്കും കഴിയില്ല: യോഗി ആദിത്യനാഥ്

Synopsis

സൂര്യനെപ്പോലെ ഊർജസ്രോതസ്സാണ് സനാതന ധര്‍മം. ഒരു വിഡ്ഢിക്ക് മാത്രമേ സൂര്യനു നേരെ തുപ്പുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്ന് യോഗി ആദിത്യനാഥ്

ലഖ്നൌ: സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മത്തിന് എതിരായ ആക്രമണങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അധികാരമോഹികളായ പരാന്നഭോജികള്‍ക്കും അതിന് കഴിയില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 

രാവണന്‍റെ ധാര്‍ഷ്ട്യത്തിന് ഇല്ലാതാക്കാന്‍ കഴിയാത്ത സനാതന ധര്‍മത്തെ, കംസന്‍റ ഗര്‍ജനത്തെ പരാജയപ്പെടുത്തിയ സനാതന ധര്‍മത്തെ, ബാബറിന്‍റെയും ഔറംഗസേബിന്‍റെയും ക്രൂരതകള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയാത്ത സനാതന ധര്‍മത്തെ ഈ നിസ്സാര അധികാര മോഹികളായ പരാന്നഭോജികൾക്ക് ഉന്മൂലനം ചെയ്യാനാവില്ലെന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ജന്മാഷ്ടമിയോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദയനിധിയുടെ പേര് പരാമര്‍ശിക്കാതെയാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. സനാതന ധർമത്തിലേക്ക് വിരൽ ചൂണ്ടുന്നത് മനുഷ്യരാശിയെ കുഴപ്പത്തിലാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമമാണ്. സൂര്യനെപ്പോലെ ഊർജസ്രോതസ്സാണ് സനാതന ധര്‍മം. ഒരു വിഡ്ഢിക്ക് മാത്രമേ സൂര്യനു നേരെ തുപ്പുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ. കാരണം അത് തുപ്പുന്നവന്റെ മുഖത്തേക്ക് സ്വാഭാവികമായും തിരിച്ചെത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ച യുപി മുഖ്യമന്ത്രി, അവരുടെ ദുഷ്പ്രവൃത്തികൾ കാരണം ഭാവി തലമുറ ലജ്ജിക്കുമെന്ന് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിൽ എല്ലാവരും അഭിമാനിക്കണം. 500 വർഷം മുമ്പ് സനാതന ധര്‍മം അപമാനിക്കപ്പെട്ടു. ഇന്ന് അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കുകയാണ്. പ്രതിപക്ഷം ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് ഉദയനിധി സനാതന ധര്‍മത്തെ വിമര്‍ശിച്ചത്. ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യംചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥമെന്നും ഉദയനിധി പറഞ്ഞു.

പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എക്സില്‍ തന്നെ ഉദയനിധി മറുപടി നല്‍കി. താന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ എന്നും ഉദയനിധി ചോദിച്ചു. 

ഉദയനിധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ കണ്ടു. ഉദയനിധി വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. വിനീത് ജൻഡാലെന്ന അഭിഭാഷകനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ