തമിഴ്‍നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടി; മലയാളികളടക്കം 175 പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 7, 2019, 11:32 AM IST
Highlights

കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്. 

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടിക്കിടെ കൂട്ട അറസ്റ്റ്.  മലയാളികളടക്കം 175  കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. വാട്ട്സാപ്പ് ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ലഹരി പാര്‍ട്ടിക്കായി ഒത്തുകൂടിയിരുന്നത്.

മഹാബലിപ്പുരത്തെ ഇസിആര്‍ റോഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ നടത്തിയത്. വാട്ട്സ്ആപ്പിലൂടെ ലഹരി പാര്‍ട്ടിക്കായി പ്രത്യേക ഗ്രൂപ്പും പ്രവര്‍ത്തിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും വാട്‍സ്ആപ്പിലൂടെയും ഒത്തുകൂടിയാണ് മലയാളികളടക്കം തമിഴ്നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് എത്തിയത്. 

നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു പരിശോധന. മദ്യവും നാലരകിലോ കഞ്ചാവും ലഹരിഗുളികളും കൊക്കെയ്നും അടക്കം പിടിച്ചെടുത്തു. ഒറ്റപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ ഇത്തരം പാര്‍ട്ടികള്‍ പതിവായിരുന്നവെന്ന് പൊലീസ് പറയുന്നു. ആഡംബര കാറുകളിലും ബൈക്കുകളിലുമായാണ് ഇവര്‍ ലഹരി പാര്‍ട്ടിക്ക് എത്തിയത്. 

റിസോര്‍ട്ടിന്‍റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് പൊള്ളാച്ചിയിലെ സേത്തുമടയിലെ റിസോര്‍ട്ടില്‍ നിന്ന് സമാനമായി മലയാളികള്‍ ഉള്‍പ്പടെ 165 പേരെ പൊലീസ് പിടികൂടിയിരുന്നു. സേലം, ബംഗളുരു എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയാണ്. വനാതിര്‍ത്തികളിലുള്ള റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നിരീക്ഷണം. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്തു.

click me!