പ്രതിസന്ധി അദാനിക്ക് മാത്രം; ബാങ്കുകളും ഓഹരി വിപണിയും സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Feb 3, 2023, 10:18 PM IST
Highlights

എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെയെന്നാണ് കണക്ക്.

ദില്ലി: രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഇതാദ്യമായി പ്രതികരിച്ച് കേന്ദ്രസർക്കാരും ആർ.ബി.ഐയും. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു.

എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെയെന്നാണ് കണക്ക്. അദാനിയുടെ ഓഹരി ഇടിയുമ്പോൾ ബാങ്കിംഗ് രംഗവും പ്രതിസന്ധിയിലാവുമെന്ന് പറയുന്നതിലെ ന്യായം ഇതാണ്. അദാനിയുടെ പ്രതിസന്ധി തുടങ്ങി ഏതാണ്ട് ഒരാഴ്ച കഴിയുമ്പോഴാണ് ആർബിഐ മൗനം വെടിയുന്നത്. ബാങ്കുകൾ നൽകിയ വായ്പാ വിവരങ്ങടക്കം പരിശോധിച്ചു. പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിക്കില്ലെന്നും ഇന്ത്യൻ ബാങ്കുകളുടെ അടിത്തറ ശക്തമെന്നും ആർബിഐ പറയുന്നു.

അദാനിക്കുണ്ടാവുന്ന തിരിച്ചടി ഓഹരി വിപണിയെ ആകെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നി‍ർമ്മലാ സീതാരാമൻറെ പ്രതികരണം. ഓഹരി വിപണി കൃത്യമായ ചട്ടക്കൂടുകളിലാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. ചരുക്കത്തിൽ പ്രതിസന്ധി അദാനിയിൽ തുടങ്ങി അദാനിയിൽ അവസാനിക്കുന്നതെന്നാണ് ധനമന്ത്രിയും ആർബിഐയും നിരീക്ഷിക്കുന്നത്. 

അതേസമയം ഓഹരി വിപണിയിൽ അദാനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്നും നഷ്ടം നേരിട്ടു. തുടർച്ചയായ ഇടിവ് തടയാൻ നാഷണൽ സ്റ്റോക് എക്സ് ചേഞ്ചും ഇന്ന് ഇടപെടൽ നടത്തി. അദാനി എൻറെർപ്രൈസസ്, അദാനി പോർട്സ് , അംബുജ സിമൻറ്സ് എന്നീ സ്റ്റോക്കുകളെ പ്രത്യേക നിരീക്ഷണമുള്ള വിഭാഗത്തിലേക്ക് മാറ്റി. മുഴുവൻ പണവും ആദ്യമേ നൽകാതെ ഈ ഓഹരികളെ ഷോർട് സെല്ലിംഗ് നടത്താൻ നിക്ഷേപകരെ ഇനി അനുവദിക്കില്ല. ഫോബ്സിൻറെ ലോക ധനികരുടെ പട്ടികയിൽ അദാനി ആദ്യ ഇരുപതി നിന്നും ഇന്ന് പുറത്തായി.

tags
click me!