ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോയായതിന്റെ കാരണം അറിയാമോ?എൽപിജി ക്ഷാമത്തിനിടെ ചില കാര്യങ്ങൾ അറിയാം

Published : Mar 19, 2026, 10:37 PM IST
LPG cylinder

Synopsis

റൗണ്ട് ഫിഗർ ആക്കി 14-ലോ 15-ലോ ഗ്യാസ് സിലിണ്ടറിന്റെ ഭാരം വയ്ക്കാത്തതെന്താണ്. ഈ സംശയം പലർക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ ഈ കണക്കിന് പിന്നിൽ വളരെ രസകരമായ ചില കാരണങ്ങളുണ്ട്.

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ എൽപിജി ക്ഷാമത്തിൽ വലയുകയാണ് രാജ്യം. ഓൺലൈൻ ബുക്കിംഗ് അടക്കം പാചക വാതക വിതരണക്കാർ സ്വീകരിക്കാതെ വന്നതോടെ രാജ്യത്തെ അടുക്കളകളിൽ ആശങ്ക പുകയുന്നുണ്ട്. ഇതിനിടയിൽ കൌതുകകരമായ ഒരു കാര്യം അറിയാം. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം '14.2 KG' എന്നാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ. റൗണ്ട് ഫിഗർ ആക്കി 14-ലോ 15-ലോ ഗ്യാസ് സിലിണ്ടറിന്റെ ഭാരം വയ്ക്കാത്തതെന്താണ്. ഈ സംശയം പലർക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ ഈ കണക്കിന് പിന്നിൽ വളരെ രസകരമായ ചില കാരണങ്ങളുണ്ട്.

സിലിണ്ടറിന് 14.2 കിലോ ഭാരം വേണമെന്ന് കർശനമായ നിയമമൊന്നുമില്ല. സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇത് മാറ്റാനും കഴിയും. പക്ഷേ സാധാരണക്കാർക്ക് സിലിണ്ടർ എളുപ്പത്തിൽ ഉപയോഗിക്കാനും കൊണ്ടുപോകാനും കഴിയണം, വില ഒരു ഭാരമാകരുത് എന്നതൊക്കെക്കെ ലക്ഷ്യമിട്ടാണ് ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2ആയി നിശ്ചയിച്ചത്. രാജ്യത്ത് വീടുകളിൽ പാചകവാതകം ഉപയോഗിക്കാൻ തുടങ്ങുന്നത് 1950കളിലാണ്. അന്ന് 'ബർമ ഷെൽ'എന്ന വിദേശ കമ്പനിയായിരുന്നു ഗ്യാസ് വിതരണം ചെയ്തിരുന്നത്. അവരാണ് ആദ്യമായി സിലിണ്ടറിന്റെ വലുപ്പവും ഭാരവും നിശ്ചയിച്ചത്. ഈ കമ്പനിയാണ് പിന്നീട് പേര് മാറി ഇന്നത്തെ ഭാരത് പെട്രോളിയം ആയത്.

ബർമ ഷെൽ കമ്പനി സിലിണ്ടറിന്റെ ഭാരം തീരുമാനിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങൾ പരിഗണിച്ചായിരുന്നു

1. എളുപ്പത്തിൽ കൊണ്ടുപോകാം: 14.2 കിലോ ഗ്യാസും കാലി സിലിണ്ടറിന്റെ ഭാരവും ചേരുമ്പോൾ ആകെ ഏകദേശം 29 മുതൽ 30 കിലോ വരെ വരും. അന്നത്തെ കണക്കനുസരിച്ച്, ഒരു സാധാരണക്കാരന് എളുപ്പത്തിൽ പൊക്കി കൊണ്ടുപോകാൻ കഴിയുന്ന ഏറ്റവും കൂടിയ ഭാരമായിരുന്നു ഇത്. 30 കിലോയിൽ കൂടുതലായാൽ അത് ചുമക്കാനും വീടിനകത്തേക്ക് കൊണ്ടുപോകാനും പ്രയാസമാകുമായിരുന്നു.

2. ഒരു മാസത്തെ ഉപയോഗം: ഒരു സാധാരണ ഇടത്തരം കുടുംബത്തിന് ഒരു മാസം എത്ര ഗ്യാസ് വേണ്ടിവരുമെന്ന് വിദഗ്ദ്ധർ കണക്കുകൂട്ടി. 14.2 കിലോ ഗ്യാസ് ഏകദേശം 30 മുതൽ 45 ദിവസം വരെ (അതായത് ഒന്നോ ഒന്നരയോ മാസം) ഉപയോഗിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി. ഒരു സിലിണ്ടർ വാങ്ങിയാൽ കുറഞ്ഞത് ഒരു മാസമെങ്കിലും കിട്ടണം എന്നതായിരുന്നു ലക്ഷ്യം.

3. വിതരണത്തിലെ എളുപ്പം: ഒരു സിലിണ്ടർ ഒരു കുടുംബത്തിന് ഒരു മാസം തികയുമെന്ന് ഉറപ്പായതോടെ, ഗ്യാസ് ഏജൻസികൾക്ക് വിതരണത്തിന്റെ കണക്കുകൾ സൂക്ഷിക്കാൻ എളുപ്പമായി. പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നതും എത്തിച്ചുനൽകുന്നതും ചിട്ടപ്പെടുത്താൻ ഈ 'മോഡൽ' സഹായിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഈ 14.2 കിലോയുടെ രീതി വിജയകരമായി തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുടെ അവിഹിത ബന്ധത്തിന് തെളിവ് തേടി ഫോൺ പരിശോധിച്ചു, ഗാലറി കണ്ടതിന് പിന്നാലെ യുവതിയെ കാമുകനൊപ്പം അയച്ച് ഭർത്താവ്
ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം