പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി

By Web TeamFirst Published Dec 8, 2019, 8:25 AM IST
Highlights

"ഗോ ശാല തുറന്ന ജയില്‍ മേധാവി തന്നോട്ട് സംസാരിച്ചു. പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ് മാറുന്നതായി തന്നോട് പറഞ്ഞു."

പൂനെ: പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജയിലുകളില്‍ ഗോ ശാലകള്‍ വേണം എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിനിടെയാണ്, ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് തടവുകാരുടെ കുറ്റവാസനകള്‍ കുറയ്ക്കും എന്നും, മുന്‍കാലങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടെന്നും ആര്‍എസ്എസ് മേധാവി സൂചിപ്പിച്ചത്. പൂനെയില്‍ ഗോ-വിജ്ഞ്യാന്‍ സന്‍സോദന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. പശു സംബന്ധിയായ ശാസ്ത്രീയ കാര്യങ്ങള്‍ പരിശോധിക്കുന്ന സംഘടനയാണ് ഗോ-വിജ്ഞ്യാന്‍ സന്‍സോദന്‍.

ഇത്തരം അനുഭവങ്ങളും ആര്‍എസ്എസ് മേധാവി വിശദീകരിച്ചു. ഗോ ശാല തുറന്ന ജയില്‍ മേധാവി തന്നോട്ട് സംസാരിച്ചു. പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ് മാറുന്നതായി തന്നോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു അനുഭവം ആഗോള വ്യാപകമായി നടപ്പിലാക്കാന്‍ തെളിവ് വേണം. അതിനായി പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസിക നില നിരന്തരം രേഖപ്പെടുത്തണം. അവരിലുണ്ടാകുന്ന മാറ്റം രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളിലെ കണക്ക് ലഭിച്ചാല്‍ ഇത് സ്ഥാപിക്കാന്‍ സാധിക്കും.

ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍പ്പേര്‍ രംഗത്ത് വരണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും നല്‍കുന്നവ മാത്രമാണ് എന്നാണ് വിദേശികളുടെ ധാരണം എന്നാല്‍ ഇന്ത്യയില്‍ പശുപരിപാലനം പാവനമായ ഒരു ദൗത്യമാണ്- ആര്‍എസ്എസ് മേധാവി പറയുന്നു.

click me!