
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി 200ൽ അധികം സർവീസുകൾ മുടങ്ങി. നൂറുകണക്കിന് വിമാനങ്ങൾ വൈകി. ആയിരക്കണക്കിന് യാത്രക്കാരെ വലച്ചാണ് നിലവിലത്തെ പ്രതിസന്ധി. ടെർമിനലുകളിലെല്ലാം നീണ്ട ക്യൂവാണ് രൂപപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇൻഡിഗോ ഇത്തരത്തിൽ ഒരു ക്രൈസിസിലേക്ക് എത്തിയത് എന്ന് നോക്കാം.
ജീവനക്കാരുടെ കുറവും, പുതിയ ഡ്യൂട്ടി സമയ നിയമങ്ങളും വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകളും ശൈത്യകാല പ്രവർത്തനങ്ങളിലെ തിരക്കുമാണ് ഇൻഡിഗോയുടെ പ്രവർത്തനങ്ങളെ ഒന്നാകെ താറുമാറാക്കിയത്. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് കൊണ്ടുവന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. നവംബർ ഒന്നുമുതലാണ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. അതിന് ശേഷം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണത്തിൽ വലിയ കുറവ് നേരിടുകയാണ് ഇൻഡിഗോ. പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം കുത്തനെ കുറയ്ക്കുകയും റെസ്റ്റ് റിക്വയർമെന്റ്സ് നിർബന്ധമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
നിയമപരമായി ആവശ്യമുള്ളത്ര ക്രൂ ഇല്ലാത്തതുകൊണ്ട് നിരവധി വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന പൈലറ്റുമാർക്ക് പുതുക്കിയ റോസ്റ്ററിൽ പറക്കാൻ കഴിയാത്തതുകൊണ്ട് റൊട്ടേഷനുകൾ താറുമാറായി.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്യൂട്ടി ഷെഡ്യൂളുകൾ, നൈറ്റ് ലാൻഡിങ് പ്ലാനുകൾ, വീക് ലി റെസ്റ്റ് ചാർട്ടുകൾ എന്നിവ പുതുക്കി പണിയേണ്ടതുണ്ട്. ഷെഡ്യൂളിങ് സംവിധാനങ്ങൾ പൂർത്തിയായിട്ടില്ലെന്നും പുതിയ രീതികൾ ആവശ്യപ്പെടുന്ന തരത്തിൽ ക്രൂ വിന്യാസം നടത്താൻ കഴിഞ്ഞില്ലെന്നുമാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ നെറ്റ്‍വർക്കുകളിൽ ഒന്നായ ഇൻഡിഗോ പ്രതിദിനം 2,200 സർവീസുകളാണ് നടത്തുന്നത്. പകലും രാത്രിയിലുമായുള്ള ഈ സർവീസുകളെ പുത്തൻ റോസ്റ്റർ സംവിധാനം പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ ദിവസം ദില്ലി, പൂനെ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താളങ്ങളിലെ ചെക്ക് ഇൻ, ഡിപാർച്ചർ കൺട്രോൾ സിസ്റ്റങ്ങളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നിരവധി വിമാനങ്ങൾ വൈകുന്നതിനും റൊട്ടേഷനുകൾ താറുമാറാകുന്നതിനും കാരണമായി.
വിന്റർ ട്രാഫിക്കിലെ വർധവാണ് മറ്റൊരു കാര്യം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ്, ശൈത്യകാല പ്രവർത്തനങ്ങളിലുണ്ടായ പ്രതിസന്ധി, പ്രധാന മെട്രോ എയർപോട്ടുകളിൽ പീക്ക് ടൈമിലുണ്ടായ തിരക്ക് എന്നിവ പ്രതിസന്ധി രൂക്ഷമാക്കി.
ഇൻഡിഗോയുടെ 35 ശതമാനം സർവീസുകളെയും പ്രതിസന്ധി ബാധിച്ചെന്നാണ് വിവരം. ദിവസവും ഏകദേശം 1400ഓളം സർവീസുകൾ വൈകി എന്ന് ചുരുക്കം.
പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷ വർധിപ്പിക്കാനും വേണ്ടി സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് കൊണ്ടുവന്നത്.
പൈലറ്റുമാർക്ക് ഓരോ ആഴ്ചയും കൂടുതൽ നിർബന്ധിത വിശ്രമ സമയം ലഭിച്ചിരിക്കണം എന്നാണ് ഇതിൽ നിഷ്കർഷിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു പൈലറ്റിന് നടത്താൻ കഴിയുന്ന രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറച്ചു. ഇത് രാത്രികാല പ്രവർത്തനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന എയർലൈനുകളിൽ കാര്യമായ സ്വാധീനം ചെലുത്തി.
തുടർച്ചയായ ഡ്യൂട്ടി അവറുകളിൽ കർശനമായ പരിധി ഏർപ്പെടുത്തി. ഇതോടെ കൂടുതൽ പൈലറ്റുമാർ ആവശ്യമായി വന്നു. ദിവസം എട്ടു മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസത്തിൽ 125 മണിക്കൂർ, വർഷത്തിൽ 1000 മണിക്കൂർ എന്നിങ്ങനെ പറക്കൽ സമയത്തിന് പരിധി ഏർപ്പെടുത്തി. വിശ്രമസമയം ഫ്ലൈറ്റ് ഡ്യൂട്ടി സമയത്തിന്റെ ഇരട്ടിക്ക് തുല്യമായിരിക്കണം എന്നതാണ് മറ്റൊരു നിർദ്ദേശം. 24 മണിക്കൂറിനുള്ളിൽ ക്രൂവിന് 10 മണിക്കൂർ വിശ്രമം ലഭിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്,
പുതിയ നിയമങ്ങൾ എല്ലാ എയർലൈനുകൾക്കും ബാധമാണെങ്കിലും നെറ്റ്‍വർക്കിലെ വലുപ്പം കൊണ്ടാണ് ഇൻഡിഗോയെ ഇത് ഈ തരത്തിൽ ബാധിച്ചത്. ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസിലെ 60 ശതമാനവും നടത്തുന്നത് ഇൻഡിഗോയാണ്. ഇത്രയും വലിയ നെറ്റ്‌വർക്കിൽ, ചെറിയൊരു പ്രശ്നം പോലും പെട്ടെന്ന് വലിയ തടസ്സമായി മാറും.
എയർ ഇന്ത്യ, വിസ്താര, ആകാശ എയർ പോലുള്ള മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ഇൻഡിഗോ ധാരാളം 'റെഡ്-ഐ' എന്നറിയപ്പെടുന്ന ലേറ്റ് നൈറ്റ്- ഏർലി മോർണിങ് സർവീസുകൾ നടത്തുന്നുണ്ട്. വിമാനങ്ങളും ജീവനക്കാരെയും പരമാവധി ഉപയോഗിക്കുന്ന ഇൻഡിഗോയുടെ ബിസിനസ്സ് മോഡലിന് പുതിയ നിയന്ത്രണം തിരിച്ചടിയായി.
ഇൻഡിഗോയുടെ ലോ കോസ്റ്റ് കാരിയർ മോഡലുകൾ വിമാനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തന സമയം പരമാവധി ഉപയോഗിച്ചായിരുന്നു പ്രവർത്തിക്കുന്നത്. ഡ്യൂട്ടി സമയപരിധി കർശനമാക്കിയപ്പോൾ ബഫർ സ്റ്റാഫ് ഇല്ലാത്തത് പൈലറ്റുമാരുടെ കുറവിലേക്ക് നയിച്ചു.
ചെറിയ നെറ്റ്‌വർക്കുകളുള്ള എയർലൈനുകൾക്ക് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ എളുപ്പമാണ്. അതുപോലയല്ല ഇത്രയധികം സർവീസുകളുള്ള ഇൻഡിഗോയുടെ അവസ്ഥ. ഇൻഡിഗോയുടെ വമ്പൻ ശൃംഖലയിൽ പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും റോസ്റ്റർ പെട്ടെന്ന് മാറ്റിയെടുക്കുക എന്നത് വെല്ലുവിളിയേറിയതാണ്.
പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ തുടരുകയാണെന്നാണ് എയർലൈൻസ് അറിയിച്ചിരിക്കുന്നത്. തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ ജീവനക്കാരെ പുനർ വിന്യസിപ്പിക്കാനും രാത്രികാല ഷെഡ്യൂളുകൾ പരിഷ്കരിക്കാനും മറ്റുമാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് തുടർച്ചയായി പരിശോധിക്കണമെന്നും കാലതാമസം പ്രതീക്ഷിക്കണമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 10 വരെ FDTL നിയമങ്ങളിൽ ചില ഇളവുകൾ നൽകണമെന്ന് ഇൻഡിഗോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ച് ജീവനക്കാരുടെ വിശ്രമ സമയം സംബന്ധിച്ച നിർദ്ദേശങ്ങളിൽ ഡിജിസിഎ താൽക്കാലിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.