ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ഉദ്ധവിനോട് വിമത എംഎൽഎമാർ

By Web TeamFirst Published Jun 27, 2022, 5:43 PM IST
Highlights

സോണിയാ ഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താൻ ശിവസേനയുടെ ആശയങ്ങൾ ഉദ്ധവ് താക്കറെ അടിയറ വച്ചെന്നും ഇനിയത് അനുവദിക്കില്ലെന്നും വിമത എംഎൽഎമാർ

മുംബൈ: ഉദ്ധവ് താക്കറെയോട് ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ ആവശ്യപ്പെട്ട് വിമതഎംഎൽഎമാർ, ബിജെപിയും ശിവസേനയും ഒരുമിച്ച് നിൽകണമെന്നാണ് ജനങ്ങൾ വിധിച്ചതെന്നും സോണിയാ ഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താൻ ശിവസേനയുടെ ആശയങ്ങൾ ഉദ്ധവ് താക്കറെ അടിയറ വച്ചെന്നും ഇനിയത് അനുവദിക്കില്ലെന്നും വിമത എംഎൽഎമാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ സുപ്രീംകോടതി വിമത എംഎൽഎമാർക്ക് സമയം നീട്ടിനൽകിയതിന് പിന്നാലെയാണ് വിമതപക്ഷം താക്കറെയ്ക്ക് കത്തയച്ചത്. 

അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ വിമതർക്ക് സമയം നൽകി സുപ്രീംകോടതി 

ദില്ലി:  മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ വിമത എംഎൽഎമാർക്ക് താത്കാലിക ആശ്വാസം. വിമത എംഎൽഎമാർക്കു ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടിസിനു മറുപടി നൽകാൻ  ജൂലൈ 12 വരെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. ഹർജിയിൽ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും കോടതി നോട്ടിസ്  അയച്ചു

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത്  ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ചോദ്യം ചെയ്താണ് ഏക് നാഥാ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള 16 എംഎല്‍എമാര്‍ സുപ്രീംകോടതിയിലെത്തിയത്.  ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതിൽ തീരുമാനമാകുന്നതുവരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നും ആവശ്യപ്പെട്ടിരുന്നു.

ഹർജിയിൽ രണ്ടര മണിക്കൂറിലധികം വാദം കേട്ട ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ച് എന്തുകൊണ്ട് ഹർജിക്കാർ ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന ചോദ്യമാണ് ആദ്യം ഉന്നയിച്ചത്. . സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികൾക്ക്  സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. എംഎൽഎമാരുടെ അയോഗ്യത നോട്ടിസിൽ തീരുമാനമെടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികളെ പരാമർശിച്ച് ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി  വാദിച്ചു.

ഡെപ്യൂട്ടി സ്പീക്കറിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ഹാജരായി. കക്ഷികളുടെ വിവിധ വാദങ്ങൾ കേട്ട് കോടതി ഡെ പ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കും  നോട്ടിസ് നല്‍കി. കേന്ദ്രസർക്കാരിനോടും നിലപാട് തേടി. എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.

മഹാരാഷ്ട്രയിൽ വിമതർക്ക് ആശ്വാസം: അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ കോടതി സമയം നീട്ടി നൽകി

click me!