
ദില്ലി: തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ. പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ ടിഎംസി തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമുന്നിൽ അവകാശപ്പെട്ടതായി ഋതബ്രത ബാനർജി കമ്മീഷനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും കമ്മീഷണറെ അറിയിച്ചു. പാർട്ടി ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നാണ് വിമതസംഘത്തിൻ്റെ മറ്റൊരു ആവശ്യം. തങ്ങളെ കേൾക്കാൻ തയ്യാറായത്തിന് നന്ദി രേഖപ്പെടുത്തിയ അവർ അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു.
പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. തൃണമൂലിന്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം. മമത ബാനർജിക്ക് ഒപ്പം ഇപ്പോൾ വെറും 14 എം.എൽ.എമാർ മാത്രമാണുള്ളത്. ലോക്‌സഭയിലെ 28 തൃണമൂൽ എം.പിമാരിൽ 20 പേരും മമതയെ കൈവിട്ട് വിമതർക്കൊപ്പം ചേർന്നു. അരൂപ് റോയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ പട്ടിക വിമതർ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിക്കഴിഞ്ഞു.
പാർട്ടിയുടെ പേരും ചിഹ്നവും അനധികൃതമായി ഉപയോഗിച്ചതിന് വിമതർക്കെതിരെ മമത വിഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ പുതിയ ഭാരവാഹികളുടെ പട്ടിക മമത വിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam