
ദില്ലി: രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ദിനം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. 69 ലക്ഷം പേർ ഇന്ന് വാക്സീൻ സ്വീകരിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. . ദേശീയ പൊസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിൽ താഴെ തുടരുകയാണ്.
പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. വാക്സീൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്. ആകെ വാക്സീൻറെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്സീൻറെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾക്ക് 25 ശതമാനം മാറ്റിവെക്കും.
രാജ്യത്ത് കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരുടെ എണ്ണം 20 ആയി. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ് നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞ് ഏഴ് ലക്ഷത്തിലെത്തി.കഴിഞ്ഞ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 53256 പേർക്കാണ്. 1422 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 3.83 ശതമാനമാണ് ദേശീയ പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam