
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. ഒഡീഷയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബിലാപ്‌സൂർ, ഹാമിർപൂർ, കംഗ്ര, മാണ്ഡി, ഷിംല, സോളൻ, സിർമൗർ, ഉന, കുളു, ചമ്പ ജില്ലകളിലാണ് ഹിമാചലിൽ റെഡ് അലർട്ട്. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, നൈനിറ്റാൾ, തുടങ്ങിയ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ തൊഴിലാളികളിൽ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
അടുത്ത രണ്ട് ദിവസം കൂടി ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് താത്കാലികമായി നിർത്തി വെച്ച ചാർധാം യാത്ര ഇന്ന് പുനരാരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam