
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീർ-ഹരിയാന പൊലീസ് സേനകൾ അൽ ഫലാ സർവകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ളവരാകാം ഇവരെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷ്-ഇമൊഹമ്മദിന് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയിക്കുന്നുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ സ്ഫോടനത്തിന് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പണം സമാഹരിച്ചതായും ഇതിനായി സദപേ എന്ന ആപ്പ് അടക്കം ഉപയോഗിച്ചിരുന്നതായും സംശയം ബലപ്പെട്ടു. കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഡോ.ഷാഹിന സയീദിന് മാഡം സർജൻ എന്നും വിളിപ്പേരുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. ഇവരാണ് ചെങ്കോട്ട സ്ഫോടനത്തിൻ്റെ ഫണ്ട് സമാഹരണത്തിൻ്റെ ചുമതല വഹിച്ചതെന്നും കരുതുന്നു.