
അലഹബാദ്: പരസ്‌പര സമ്മതത്തോടെയുള്ള നാല് വർഷം നീണ്ട ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് കുറ്റകരമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലിവ്-ഇൻ പങ്കാളിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരായ ബലാത്സംഗ പരാതി തള്ളിക്കൊണ്ടായിരുന്നു വിധി. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചവർ, ആ തീരുമാനം സ്വമേധയാ എടുത്തതാണെന്ന് മനസിലാക്കുന്നതായും ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ ചൂണ്ടിക്കാട്ടി.
ലിവ് ഇൻ ബന്ധത്തിലേക്ക് വന്നത് വിവാഹം കഴിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണെന്ന് പറയുന്നവർ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് വിവാഹ വാഗ്ദാനം മുൻനിർത്തിയാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ പരാതിക്കാരിയുമായി വിവാഹിതരാവാമെന്ന ധാരണയിൽ തന്നെയാണ് ഒരുമിച്ച് ജീവിച്ചതെന്നും എന്നാൽ ഒരുമിച്ചുള്ള ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറിയതെന്നുമാണ് പ്രതിയായ യുവാവ് വാദിച്ചത്.
തഹസിൽ ഓഫീസ് ജീവനക്കാരായ ഇരു കക്ഷികളും നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ചത് അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാവുന്നതാണെന്ന വസ്തുത കോടതി ചൂണ്ടിക്കാട്ടി. പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യഘട്ടത്തിൽ ഇരുവിഭാഗത്തിൻ്റെയും വാദം കേട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും പരാതിക്കാരി കേസുമായി മുന്നോട്ട് പോകാൻ താത്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 നാണ് പരാതിക്കാരി കേസ് ഫയൽ ചെയ്തത്.