ബെംഗളുരുവില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍, യുവതി ഓട്ടോയില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

By Web TeamFirst Published Jul 21, 2020, 11:14 AM IST
Highlights

 ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചു. മൂന്ന് ആശുപത്രികളാണ് യുവതിയുടെ പ്രവേശനം നിഷേധിച്ചത്. 

ബെംഗളുരു: ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. ബെംഗളുരുവിലെ കെ സി ജനറല്‍ ആശുപത്രിക്ക് പുറത്തുവച്ചാണ് പ്രവസിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചു. മൂന്ന് ആശുപത്രികളാണ് യുവതിയുടെ പ്രവേശനം നിഷേധിച്ചത്. 

ശ്രീറാംപുര സര്‍ക്കാര്‍ ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നാണ് ഗര്‍ഭിണിയെ തിരിച്ചയച്ചത്.  എവിടെയും കിടക്കകളില്ലെന്നാണ് അറിയിച്ചത്. ഇതോടെ യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി സൗകര്യത്തിനായി നെട്ടോട്ടത്തിലായിരുന്നു ബന്ധുക്കള്‍. ഇതിനെയാണ് ആശുപത്രിക്ക് മുന്നില്‍ വച്ച് ഓട്ടോയില്‍ യുവതി പ്രസവിച്ചത്. മിക്ക ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് നവജാത ശിശുക്കളാണ് ചികിത്സ ലഭിക്കാതെ ബെംഗളുരുവില്‍ മരിച്ചത്. സംഭവത്തില്‍ ട്വീറ്റ് ചെയ്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയോട് ആവശ്യപ്പെട്ടു. 

'' നിരവധി ആശുപകളാണ് പ്രസവവേദനയെത്തുടര്‍ന്ന് എത്തിയ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് പ്രസവിക്കേണ്ടി വന്ന ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ചികിത്സ നിഷേധിച്ചതിന് ഈ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണം'' - സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

''ചികിത്സ നിഷേധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് ബാധിതരല്ലാത്ത രോഗികള്‍ ധാരാളമായി കര്‍ണാടകയില്‍ മരിക്കുന്നുണ്ട്. ചികിത്സ നിഷേധിക്കുന്ന അത്തരം ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കണം'' - മറ്റൊരു ട്വീറ്റില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

click me!