
ബംഗളുരു: ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത നാലംഗ സംഘത്തെ പൊലീസ് പിടികൂടി. ബംഗളുരുവിലാണ് സംഭവം. ഇഎസ്ഐയുടെ വെബ്സൈറ്റിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് അതിലെ ജീവനക്കാരായി ആളുകളെ ചേർക്കുകയായിരുന്നു. ഇങ്ങനെ 869 പേർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള ഇഎസ്ഐ കാർഡുകൾ സംഘടിപ്പിച്ച് നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഡ് കൊടുത്തവരിൽ നിന്നെല്ലാം പണവും വാങ്ങി.
21,000 രൂപയ്ക്ക് താഴെ മാസ ശമ്പളം വാങ്ങുന്നവർക്ക് ഇഎസ്ഐ ആശുപത്രികളിലും മറ്റ് എംപാനൽഡ് ആശുപത്രികളിലും ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിലുടമ വഴി നൽകുന്നതാണ് ഇഎസ്ഐ കാർഡുകൾ. ബംഗളുരു രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന വി ശ്രീധര, ഇതേ ആശുപത്രിയിൽ ക്യാന്റീൻ നടത്തുന്ന രമേശ്, നേരത്തെ ഇഎസ്ഐ ജീവനക്കാരനായിരുന്ന ശിവലിംഗ, ഇവരുടെ സുഹൃത്തും സദാശിവനഗറിലെ ഒരു ആശുപത്രി ജീവനക്കാരനുമായ ചന്ദ്രു എന്നിവരാണ് പിടിയിലായത്. ഇവർക്ക് പുറമെ രാജാജി നഗർ ആശുപത്രിയിലെ അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്. ഇവരാണ് ഡോക്ടർമാരിൽ നിന്ന് വ്യാജ ശുപാർശ കത്തുകൾ ലഭ്യമാക്കിയിരുന്നതെന്നാണ് സംശയം.
രണ്ട് വർഷം മുമ്പാണ് ഇവർ ഇഎസ്ഐ വെബ്സൈറ്റിൽ ഏതാനും വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഈ കമ്പനികളിലെ ജീവനക്കാരെന്ന പോലെ ആളുകളെ ചേർത്തു. ഇവർക്കെല്ലാം ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള കാർഡും നൽകി. ഇതിനായി ഓരോരുത്തരിൽ നിന്നും 20,000 രൂപയാണ് ആദ്യം വാങ്ങിയത്. പിന്നീട് മാസം തോറും 500 രൂപ വീതം വാങ്ങിവരികയായിരുന്നു. ഇതിൽ 280 രൂപ ഇഎസ്ഐ കോൺട്രിബ്യൂഷനായി അടയ്ക്കുകയും ബാക്കി തുക ഇവർ തന്നെ എടുക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam