'ഹിറോയിക് ഇഡുൻ' കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മോചനം വൈകും; വിട്ടുവീഴ്ചകൾക്ക് വഴങ്ങാതെ നൈജീരിയ

Published : Nov 12, 2022, 01:38 PM IST
'ഹിറോയിക് ഇഡുൻ' കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മോചനം വൈകും; വിട്ടുവീഴ്ചകൾക്ക് വഴങ്ങാതെ നൈജീരിയ

Synopsis

പ്രശ്നപരിഹാരം തേടി കപ്പൽ ജീവനക്കാർ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന  നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്.

ദില്ലി: നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ മോചനം വൈകും. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ സങ്കീർണമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്നപരിഹാരം തേടി കപ്പൽ ജീവനക്കാർ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്. 
ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന  നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ, വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയിൽ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്. കപ്പലിലെ ജീവനക്കാരിൽ ഒരാളായ കൊല്ലം സ്വദേശി വിജിത്ത് വിവരം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകൾ നടത്തിയെങ്കിലും 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ ഈ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്‍റെ അവകാശവാദം. പിടിയിലായ കപ്പല്‍ ജീവനക്കാരെ നേരിട്ട് ഫോണില്‍ വിളിച്ച്  വിവരങ്ങള്‍ ആരാഞ്ഞെന്നും എംഇഎ വ്യക്തമാക്കുന്നു. 

നൈജീരിയയിലെ നിയമ കുരുക്ക് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, ഇക്വറ്റോറിയല്‍ ഗിനിയിലേക്കോ മാറ്റണമെന്ന അഭ്യര്‍ത്ഥനയും വിജയിച്ചില്ല. നിയമത്തിന്‍റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടേ എന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പിഴത്തുകയായി 20 ലക്ഷം ഡോളര്‍ അടച്ചെങ്കിലും കപ്പല്‍ പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്പോ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍ നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുമ്പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും നൈജീരിയ ദുരൂഹത ആരോപിക്കുന്നുണ്ട്. 

നിയമവിരുദ്ധമായി കപ്പൽ പിടിച്ചെടുത്തെന്നും ജീവനക്കാരെ തടവിലാക്കിയെന്നും കാണിച്ച് കപ്പൽ കമ്പനി നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കേസുണ്ട്. ഈ കേസുകളിൽ തീരുമാനമാകട്ടെ, എന്നിട്ടാകാം മറ്റ് നടപടികൾ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയതോടെ നയതന്ത്ര നീക്കങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും