കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആശ്വാസം, എഥനോൾ നയവുമായി ബന്ധപ്പെടുത്തിയുള്ള വിഡിയോകൾ നീക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

Published : Aug 05, 2026, 12:42 PM IST
Nitin Gadkari E20 Petrol

Synopsis

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ എഥനോൾ നയവുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന വ്യാജ എഐ, ഡീപ്ഫേക്ക് വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തനിക്ക് ഈ നയത്തിൽ പങ്കില്ലെന്നും വ്യക്തിഹത്യയാണ് ലക്ഷ്യമെന്നും ഗഡ്കരി ഹർജിയിൽ വാദിച്ചു.

മുംബൈ: കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും കുടുംബത്തെയും വിവാദ എഥനോൾ നയവുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിച്ച വ്യാജ എഐ വിഡിയോകളും ഡീപ്ഫേക്ക് ദൃശ്യങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ആരിഫ് ഡോക്ടറാണ് ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഈ നിർദ്ദേശം നൽകിയത്.

നിതിൻ ഗഡ്കരി നൽകിയ ഹർജി പരിഗണിച്ച കോടതി, ഇത്തരം വിഡിയോകളും പോസ്റ്റുകളും ആദ്യ കാഴ്ചയിൽ തന്നെ തികച്ചും അപകീർത്തികരമാണെന്ന് നിരീക്ഷിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിക്കുകയാണെങ്കിൽ, അത് ശ്രദ്ധയിൽപ്പെടുത്തുന്ന മുറയ്ക്ക് പ്ലാറ്റ്‌ഫോമുകൾ ഉടനടി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം അപകീർത്തികരമായ ഉള്ളടക്കങ്ങൾ താനേ കണ്ടെത്തി നീക്കം ചെയ്യാനുള്ള കൃത്യമായ സംവിധാനം സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇല്ലാത്തതിനെ വിചാരണ വേളയിൽ കോടതി രൂക്ഷമായി വിമർശിച്ചു. നീതിക്കായി ഓരോ വ്യക്തിക്കും കോടതികളെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന് മുൻപ്, ജൂലൈ 27ന് ജസ്റ്റിസ് അഭയ് അഹൂജയുടെ ബെഞ്ചാണ് മെറ്റാ, ഗൂഗിൾ, എക്സ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ നിതിൻ ഗഡ്കരിക്ക് അനുമതി നൽകിയത്.

ഹർജിയിലെ പ്രധാന വിവരങ്ങൾ

2003ൽ അന്നത്തെ കേന്ദ്ര സർക്കാർ ആരംഭിച്ച എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം, 2025-26 കാലയളവിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ20 പദ്ധതിയായി നടപ്പിലാക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ്. 2014 മുതൽ റോഡ് ഗതാഗത മന്ത്രിയായി തുടരുന്ന തനിക്ക് ഈ നയ രൂപീകരണത്തിലോ നടത്തിപ്പിലോ യാതൊരു പങ്കുമില്ലെന്നാണ് ഗ‍ഡ്കരിയുടെ വാദം. എന്നാൽ, വ്യാജമായി നിർമ്മിച്ച എഐ വിഡിയോകളിലൂടെ താനും കുടുംബവും ഇതിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും അഴിമതി നടത്തിയെന്നും വരുത്തിത്തീർക്കാൻ ചില സംഘങ്ങൾ ശ്രമിച്ചതായി ഗഡ്കരി ചൂണ്ടിക്കാട്ടി.

തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് പ്രചരിച്ച 24 ഡീപ്ഫേക്ക് പോസ്റ്റുകൾ ഹർജിയിലൂടെ അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ ന്യായമായ രാഷ്ട്രീയ വിമർശനങ്ങളെയോ അഭിപ്രായ പ്രകടനങ്ങളെയോ തടയാൻ വേണ്ടിയല്ല താൻ കോടതിയെ സമീപിച്ചതെന്നും എന്നാൽ വസ്തുതാവിരുദ്ധവും വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നതുമായ ആക്രമണങ്ങൾ തടയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഗഡ്കരിക്ക് വേണ്ടി അഡ്വക്കറ്റ് സന്ദീപ് എസ്. ലഡ്ഡ ഹാജരായപ്പോൾ, കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ഹാജരായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം
വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്; സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ, നവവധുവിന് സർക്കാർ വക സമ്മാനം