കഴിഞ്ഞദിവസം നടന്ന പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. സാഹിൽ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ് ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോപ്പിയടി ശ്രമം പിടികൂടിയെങ്കിലും വിദ്യാർഥിക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

മുംബൈ: വിദ്യാർഥി ജീവനൊടുക്കിയതിന് പിന്നാലെ ബോംബെ ഐഐടിയിൽ വൻ പ്രതിഷേധം. രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചതിന് സാഹിലിനെ പിടികൂടിയെന്നും ഇതേത്തുടർന്ന് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഐഐടി അധ്യാപകരുടെയും അധികൃതരുടെയും ഭീഷണിയെത്തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ ആരോപിച്ചു.

കഴിഞ്ഞദിവസം നടന്ന പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. സാഹിൽ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ് ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോപ്പിയടി ശ്രമം പിടികൂടിയെങ്കിലും വിദ്യാർഥിക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയെ വിളിച്ചുവരുത്തി വിഷയം ചർച്ചചെയ്തു. വിദ്യാർഥിയെ ഉപദേശിച്ചു. ഇതിന്റെ പേരിൽ അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, അധ്യാപകരും വകുപ്പ് മേധാവിയും വിളിച്ചുവരുത്തിയതിന് പിന്നാലെ സാഹിൽ ഹോസ്റ്റൽ മുറിയിലേക്കാണ് മടങ്ങിയത്. പിന്നീട് ഇവിടെവെച്ച് ജീവനൊടുക്കുകയായിരുന്നു. മറ്റുവിദ്യാർഥികളാണ് സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അച്ചടക്ക നടപടി ഭയന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നാണ് സഹപാഠികളുടെ ആരോപണം. കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ സാഹിലിനെ ഭീഷണിപ്പെടുത്തി. സസ്പെൻഷൻ കാലയളവിൽ ഹോസ്റ്റലിൽ താമസിക്കാനും അനുമതിയുണ്ടാകില്ല. മാത്രമല്ല, നാലുവർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചുവർഷവുമെടുക്കും. ഇതെല്ലാം ഭയന്നാണ് സാ​ഹിൽ ജീവിതം അവസാനിപ്പിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അധ്യാപകരുടെ പീഡനമാണ് മകന്റെ മരണത്തിന് കാരണമെന്ന് സാഹിലിന്റെ മാതാവും ആരോപിച്ചു. മകന്റെ മരണത്തിൽ നീതി കിട്ടണമെന്നും സംഭവത്തിൽ പരാതി നൽകിയതായും മാതാവ് പറഞ്ഞു.

അതേസമയം, ഏഴുമാസത്തിനിടെ ഐഐടി ബോംബെയിൽ ജീവനൊടുക്കുന്ന മൂന്നാമത്തെ വിദ്യാർഥിയാണ് സാഹിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാംവർഷ വിദ്യാർഥി ഹോസ്റ്റൽമുറിയിൽ ജീവനൊടുക്കിയിരുന്നു. ജൂലായിൽ പുതിയ സെമസ്റ്ററിന്റെ തുടക്കത്തിൽ രണ്ടാംവർഷവിദ്യാർഥിയായ 20-കാരൻ ജീവനൊടുക്കിയ സംഭവവുമുണ്ടായി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)