എൻസിഇആർടി പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം: യോഗേന്ദ്ര യാദവ്

Published : Jun 18, 2024, 10:17 AM ISTUpdated : Jun 18, 2024, 10:23 AM IST
എൻസിഇആർടി പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ മുഖ്യഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണം: യോഗേന്ദ്ര യാദവ്

Synopsis

പേരെടുത്തു കളഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും,പുസ്തകത്തിന്‍റെ  ആത്മാവിനെ തന്നെ ചോർത്തിക്കളയുന്ന രീതിയിലാണ് പുതിയ പരിഷ്കരണങ്ങളെന്നും ആക്ഷേപം

ദില്ലി:പുതുക്കിയ പാഠപുസ്തകത്തിൽ നിന്നും പേരൊഴിവാക്കണമെന്ന് എൻസിഇആർടിയോട് വിദ്യാഭ്യാസ വിദഗ്ദൻ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പൽഷികറും സംയുക്തമായാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്.പേരെടുത്തു കളഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. ഒരു വർഷം മുന്നേ തന്നെ ആവശ്യമുന്നയിച്ച് എൻസിആർടിക്ക്  സന്ദേശം അയച്ചിരുന്നു. പുതിയ പുസ്തകത്തിലും പേര് ചേർത്തതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പുസ്തകത്തിന്‍റെ  ആത്മാവിനെ തന്നെ ചോർത്തിക്കളയും വിധമാണ് പുതിയ പരിഷ്കരണങ്ങളെന്നും ആക്ഷേപമുണ്ട്.

പുതുക്കിയ 12ആം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് ഏറെ വിവാദമായ മാറ്റങ്ങൾ എൻസിഇആർടി വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് എന്ന് പുതിയ പുസ്തകത്തിൽ എവിടേയും പരാമർശിക്കാതെയാണ് മാറ്റം കൊണ്ടു വന്നത്. മുൻപ് നാല് പേജുകളിലോളം വിവരിച്ച അയോധ്യ സംഭവങ്ങൾ രണ്ട് പേജുകളിലേക്ക് വെട്ടിച്ചുരുക്കി.  ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങള്‍ ചുരുക്കി പകരം രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പുസ്തകത്തിൽ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മാറ്റങ്ങൾ ഉണ്ടാകുമെന്ന വാർത്തകൾ രണ്ട് മാസം മുൻപേ പുറത്ത് വന്നെങ്കിലും പേരടക്കം എടുത്തുകളഞ്ഞതോടെയാണ് വിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നു എന്ന ആരോപണം കടുത്തത്. ഇതോടെയാണ്  എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി വിശദീകരണവുമായെത്തിയത്. എന്തിനാണ് വിദ്യാർത്ഥികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നായിരുന്നു സാക്ലാനിയുടെ ചോദ്യം.പാഠപുസ്തകങ്ങൾ പുതുക്കുന്നത് സാധാരണമാണ്. പ്രസക്തിയില്ലാത്ത കാര്യങ്ങൾ തീർച്ചയായും എടുത്തുമാറ്റണമെന്നും സക്ലാനി പറഞ്ഞു . 2014 മുതൽ ഇത് നാലാം തവണയാണ് എൻസിഇആർടി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നത്.

സുപ്രീം കോടതി വിധിയുടേയും മാറി വന്ന രാഷ്ട്രീയ വികാസങ്ങളുടേയും പശ്ചാത്തലത്തിൽ അയോധ്യയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ പുതുക്കുമെന്ന് ഈ വർഷം ഏപ്രിലിൽ തന്നെ എൻസിഇആർടി പ്രഖ്യാപിച്ചിരുന്നു .

 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം