
ദില്ലി: നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ച ചീറ്റകൾക്ക് പുതിയ പേരിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ ആവശ്യപ്പെട്ട പ്രകാരം ലഭിച്ച നിര്‍ദേശങ്ങളിൽ നിന്നാണ് പേര് തെരഞ്ഞെടുത്തത്. ചീറ്റയെ ജനകീയമാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ ആയിരുന്നു ഇത്. സെപ്റ്റംബർ 26 മുതൽ 31 വരെ ഇന്ത്യാ ഗവൺമെന്റ് പ്ലാറ്റ്‌ഫോമായ mygov.in-ൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.
ചീറ്റകൾക്ക് പുതിയ പേരുകൾ നിർദ്ദേശിക്കുന്ന 11,565 എൻട്രികൾ ആണ് ലഭിച്ചത്. അവയുടെ സംരക്ഷണ സൂചകവും സാംസ്കാരിക മൂല്യമുള്ളതുമായ പേരുകളാണ് പ്രാധാന്യവും പ്രസക്തിയും അടിസ്ഥാനമാക്കി നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്കായി തെരഞ്ഞെടുത്തത്. പുതിയ പേരുകൾ നിർദ്ദേശിച്ച മത്സരത്തിലെ വിജയികളെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭിനന്ദിച്ചു.
ചീറ്റകളുടെ പഴയതും പുതിയതുമായ പേരുകൾ
ആശ - ആശ
ഒബാൻ - പവൻ
സാവന്ന- നഭ
സിയായ- ജ്വാല
എൽട്ടൺ-ഗൗരവ്
ഫ്രെഡി- ശൗര്യ
ടിബ്ലിസി - ധാത്രി
ഫിൻഡ - ദക്ഷ
മപെസു - നിർവ്വാ
ഫിൻഡ - വായു
ഫിൻഡ - അഗ്നി
ത്സ്വലു -ഗാമിനി
ത്സ്വലു - തേജസ്
ത്സ്വലു - വീര
ത്സ്വലു - സൂരജ്
വാട്ടർബെർഗ് ബയോസ്ഫിയർ- ധീര
വാട്ടർബെർഗ് ബയോസ്ഫിയർ- ഉദയ്
വാട്ടർബെർഗ് ബയോസ്ഫിയർ -പ്രഭാസ്
വാട്ടർബെർഗ് ബയോസ്ഫിയർ - പാവക്
Read more: ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറി നമീബിയൻ ചീറ്റപ്പുലി
അതേസമയം, കുനോ ദേശീയ ഉദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനത്തിന് അവസരം നൽകി കേന്ദ്ര സർക്കാർ. നമീബീയയിൽ നിന്നെത്തിച്ച സിയ എന്ന ചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങൾക്കാണ് പേരിടേണ്ടത്. പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ വെബ്സൈറ്റ് പരിശോധിക്കണമെന്ന് കേന്ദ്രം വിശദമാക്കി. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റപ്പുലികളിലൊന്നായ സാഷ കിഡ്നി തകരാറിനേ തുടര്‍ന്ന് ചത്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് നാല് ചീറ്റക്കുഞ്ഞുങ്ങള്‍ പിറക്കുന്നത്.
20 ചീറ്റപ്പുലികളെയാണ് രണ്ട് ബാച്ചുകളിലായി കുനോ ദേശീയ ഉദ്യാനത്തിലേക്ക് എത്തിച്ചത്. 8 എണ്ണം നമീബിയയില്‍ നിന്നും 12 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമാണ് എത്തിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് മത്സരത്തേക്കുറിച്ച് വിശദമാക്കിയത്. പ്രോജക്ട് ചീറ്റയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ടാണ് അമൃത്കാലിന്‍റെ ഭാഗമായുള്ള മത്സരം കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാനും മത്സരത്തിന്‍റെ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ദേശീയ ഉദ്യാനത്തിലെ അധികൃതര് ചീറ്റപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതിനും അഞ്ച് ദിവസം മുന്‍പാണ് ഇവ ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 30 വരെയാണ് മത്സരം നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam