
ദില്ലി: ദില്ലിയില്‍ നടന്ന ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ബുദ്ധൻ വ്യക്തിക്ക് അതീതമായ ഒരു ചിന്താധാരയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിഥികൾ ദൈവത്തിന് തുല്യരാണെന്ന തത്വത്തില്‍ അതിഷ്ഠിധമാണ് നമ്മുടെ രാജ്യം. ബുദ്ധന്റെ ആദർശങ്ങളിലൂടെ ജീവിച്ച നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യം നമുക്ക് ആ പാരമ്പര്യത്തിന്‍റെ മഹത്വം വ്യക്തമാക്കുന്നുണ്ട്. ബുദ്ധന്‍റെ ആശയങ്ങള്‍ മനുഷ്യത്വത്തെ ഒരൊറ്റ നൂലിൽ ബന്ധിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുദ്ധ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിനെത്തിയത്. 19 പ്രമുഖ സന്യാസിമാർക്ക് അദ്ദേഹം സന്യാസ വസ്ത്രങ്ങള്‍ സമ്മാനിച്ചു. ബുദ്ധ മതവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും വഡ്‌നഗർ സന്ദർശിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബുദ്ധ പൈതൃകവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കിക്കൊണ്ട് സാരാനാഥിന്റെ പശ്ചാത്തലത്തിൽ കാശിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശം നടത്തി. രാജ്യം വിവിധ മേഖലകളിൽ സമീപകാലത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രചോദനം ഭഗവാൻ ബുദ്ധനാണെന്നും മോദി പറഞ്ഞു.
സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സാക്ഷാത്കാരത്തിന്റെയും ബുദ്ധമത പാതയെ ഓർമ്മിപ്പിച്ചുകൊണ്ട്, കഴിഞ്ഞ 9 വർഷത്തെ യാത്രയിൽ ഇന്ത്യ ഈ മൂന്ന് ഘടകങ്ങളെയും സ്വീകരിച്ചാണ് മുന്നോട്ട് പോയതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും ആചാരങ്ങളുടെ തത്വശാസ്ത്രവും എന്ന വിഷയമാണ് ഉച്ചകോടിയുടെ പ്രമേയം. ഡൽഹിയിൽ രാവിലെ 10-മണിയൊടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷന്റെ (ഐബിസി) സഹകരണത്തോടെ സാംസ്‌കാരിക മന്ത്രാലയമാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ആഗോള വിഷയങ്ങളിൽ ഇടപെടുന്നതിനും അവയെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുള്ള നയപരമായ ശ്രമമാണ് ഉച്ചകോടി. ബുദ്ധ മതത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ ചർച്ചയിൽ പ്രതിപാദിക്കും. ലോകമെമ്പാടുമുള്ള പ്രമുഖ മതപണ്ഡിതന്മാരും സംഘനേതാക്കളും ധർമ്മാചാര്യന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സാർവത്രിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ബുദ്ധ മതത്തെ പറ്റി ചർച്ച ചെയ്യും. സമാധാനം, പരിസ്ഥിതി പ്രതിസന്ധി, ആരോഗ്യം, സുസ്ഥിരത, നളന്ദ ബുദ്ധ മതത്തിന്റെ സംരക്ഷണം, ജീവ പൈതൃകം, ബുദ്ധന്റെ തിരുശേഷിപ്പുകൾ എന്നിവയെ സംബന്ധിച്ച ചർച്ചകളാണ് ഉച്ചകോടിയില്‍ നടക്കുക.
Read More : പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി, ഫയലുകൾ നീങ്ങുന്നില്ലെന്ന പ്രസ്താവന പരസ്യമായ കുറ്റസമ്മതം: പ്രേമചന്ദ്രൻ