Republic Day : 'കേരളത്തിന്‍റെ ഫ്ലോട്ട് തള്ളിയത് ഡിസൈൻ അപാകത മൂലം, രാഷ്ട്രീയമില്ല', കേന്ദ്രം

Published : Jan 20, 2022, 12:57 PM IST
Republic Day : 'കേരളത്തിന്‍റെ ഫ്ലോട്ട് തള്ളിയത് ഡിസൈൻ അപാകത മൂലം, രാഷ്ട്രീയമില്ല', കേന്ദ്രം

Synopsis

ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തതയില്ലായിരുന്നു. ആദ്യം നൽകിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ്. ആദിശങ്കരന്‍റെയും ശ്രീനാരായണഗുരുവിന്‍റെയും പ്രതിമ ഉൾപ്പെടുത്താൻ പിന്നീട് ശ്രമിച്ചു. എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിനായില്ല എന്നും കേന്ദ്രത്തിന്‍റെ പക്ഷം. 

ദില്ലി: 2022-ലെ റിപ്പബ്ലിക് ദിനത്തിൽ (Republic Day 2022) പ്രദർശിപ്പിക്കാനായി കേരളം നൽകിയ ഫ്ലോട്ടിന്‍റെ (Kerala Float) മാതൃക തള്ളിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസർക്കാർ (Central Government). കേരളത്തിന്‍റെ ഫ്ലോട്ട് തള്ളിയത് ഡിസൈനിന്‍റെ അപാതക (Design Issues) മൂലമാണ്. ടൂറിസം@75 (Tourism@75) എന്ന വിഷയത്തിൽ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്ലോട്ടിന്‍റെ മാതൃക സമർപ്പിച്ചത്. ഇതിൽ പിന്നീട് മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു. 

ആദ്യം കേരളം നൽകിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്‍റെയും പ്രതിമ ഉൾപ്പെടുത്താൻ പിന്നീട് കേരളം ശ്രമിച്ചു. എന്നാൽ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്‍പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമർപ്പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേരളം പുറത്തുവിടുന്നു. 

അതേസമയം, എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അച്ഛനും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ കേരളത്തിന്‍റെ ഫ്ലോട്ട് തള്ളിയതിനെതിരെ രംഗത്തെത്തി. നവോത്ഥാന ചരിത്രത്തിന്‍റെ മുഖത്തേറ്റ അടിയാണിതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പ്രമാണി ഉദ്യോഗസ്ഥരുടെ ജാതി ചിന്തയും വർണ വിരോധവും മാറാൻ പോകുന്നില്ല. ഫ്‌ളോട്ട് ഒഴിവാക്കിയത് സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടാണ്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. ആദിശങ്കരന്‍റെ പ്രതിമ ഫ്ലോട്ടിൽ ചേർത്തുകൂടേ എന്ന കേന്ദ്രത്തിന്‍റെ ചോദ്യത്തോട്, ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർക്കാമെന്നാണ് കേരളം മറുപടി നൽകിയത്. ഇതിന് പിന്നാലെ ഫ്ലോട്ട് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. 

റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജ‍‍‍ടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്. 

ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നൽകി. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി. 

പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജ‍‍ടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു. 

എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഉണ്ടായിരുന്നില്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‍ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു. 

2019-ലും 2020-ലും കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങൾ കേന്ദ്രം തള്ളിയിരുന്നു. തെയ്യത്തിന്‍റെയും കലാമണ്ഡലത്തിന്‍റെയും ചിത്രങ്ങളാണ് 2020-ൽ കേരളം സമർപ്പിച്ചത്. അന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങൾ തള്ളിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്നത്തെ സാംസ്കാരികമന്ത്രി കൂടിയായ എ കെ ബാലൻ ആരോപിച്ചിരുന്നു. അന്ന് പൗരത്വനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തെ തള്ളിക്കളയുകയായിരുന്നു കേന്ദ്രമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങൾ പൊതുവേ ആരോപിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും
ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ