
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശ പ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവച്ചു.
കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതോടെ നിയമസഭ സമ്മേളിച്ചയുടൻ തന്നെ ബഹളം തുടങ്ങിയിരുന്നു. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ പ്രമേയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തേഹാദ് പാർട്ടി നേതാവും ലംഗേറ്റിൽ നിന്നുള്ള എം.എൽ.എയുമായ ഷെയ്ഖ് ഖുർഷീദ് “ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം” എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു. ഇതോടെ പ്രകോപിതരായ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിമുറിക്കുകയും ചെയ്തു. ബഹളം ശമിപ്പിക്കാൻ സ്പീക്കർക്ക് 15 മിനിറ്റോളം സഭ നിർത്തിവെയ്ക്കേണ്ടി വന്നു. എന്നാൽ, സഭ നിർത്തിവെച്ച ശേഷവും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു.
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിൻ്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ദേശീയ ഐക്യത്തെയും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളെയും മാനിക്കുന്ന വിധത്തിൽ ഇവ പുനഃസ്ഥാപിക്കണം. ഇതിനായി ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
READ MORE: സ്‌കൂൾ മൈതാനിയിൽ സ്‌കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു; ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam