
മുംബൈ: കൊവിഡ് 19 സൃഷ്ടിച്ച ഇരുട്ട് മറികടക്കാൻ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ടോർച്ച്, മൊബൈൽ ഫ്ലാഷ്, മെഴുകുതിരി, ചെരാത് എന്നിവയിലേതെങ്കിലും തെളിക്കാനുള്ള മോദിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര ഊർജ്ജ മന്ത്രി ഡോക്ടർ നിതിൻ റാവത്ത്. ആഹ്വാനത്തിൽ പുനപരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കണമെന്നും എല്ലാ ലൈറ്റുകളും ഒരേ സമയത്ത് ഓഫ് ചെയ്താൽ അടിയന്തര സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'വീടുകളിൽ എല്ലാവരും ഒരേ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കേണ്ടതാവശ്യമാണ്. ഇത് വൈദ്യുത വിതരണ ശൃംഖലയെ തകരാറിലാക്കാനും ഇത്തരമൊരു സാഹചര്യത്തിലെ അടിയന്തര സേവനങ്ങളിൽ പ്രതിസന്ധി സംഭവിക്കാനും സാധ്യതയുണ്ട്. ഒരേ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ചെയ്താൽ വൈദ്യുതിയുടെ വിതരണത്തിലും ഉപഭോഗത്തിലും വ്യത്യാസം വരും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഫാക്ടറികളൊന്നും പ്രവർത്തിക്കാത്തതിനാൽ വൈദ്യുതി ഉപഭോഗം 23000 മെഗാവാട്ടിൽ നിന്ന് 13000 മെഗാവാട്ടായി കുറഞ്ഞിരിക്കുകയാണ്.' നിതിൻ റാവത്ത് പറഞ്ഞു.
കൂടാതെ ഒരേ സമയം ലൈറ്റുകൾ ഓഫ് ചെയ്താൽ അത് ബ്ലോക്ക് ഔട്ടിന് കാരണമാകുകയും അടിയന്തര സേവനങ്ങളെ ബാധിക്കുകയും ചെയ്യും. പിന്നീട് ഇത് പുനക്രമീകരിക്കണമെങ്കിൽ 12 മുതൽ 16 വരെ മണിക്കൂറുകൾ വേണ്ടി വന്നേക്കാം. കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന സമയത്ത് വൈദ്യുതി ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam