
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. യുവതലമുറ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാൻ കഴിയില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഗഡ്കരി നയിക്കുന്ന ലക്ഷ്മൺറാവു മങ്കർ ട്രസ്റ്റിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത് എന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. രാഷ്ട്രീയവുമായി ഈ പ്രസംഗത്തിന് ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിസഭാ പുനസംഘടനയിൽ ഗഡ്കരിക്ക് സ്ഥാനമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രസംഗം വലിയ ചർച്ചയായത്.
ട്രസ്റ്റിന്‍റെ ചുമതലകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും എന്നാൽ ചില മാധ്യമങ്ങൾ ഇതിനെ രാഷ്ട്രീയ പ്രസ്താവനയായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഓഫീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരിൽ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്‍റെ പൊതുജീവിതത്തെക്കുറിച്ച് നിതിൻ ഗഡ്കരി സംസാരിച്ചത്. ഈ കാലയളവിൽ അനേകം ഉന്നത ചുമതലകൾ വഹിക്കുകയും അംഗീകാരങ്ങൾ നേടുകയും തിരിച്ചടികൾ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഇനി മുൻപത്തെപ്പോലെ കഠിനാധ്വാനം ചെയ്യാൻ സാധിക്കില്ലെന്നും പുതിയ തലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പൊതുപ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ ഏത് പ്രതികൂല സാഹചര്യത്തിലും പാർട്ടിക്ക് വേണ്ടി സമയമൊന്നും നോക്കാതെ അധ്വാനിക്കുകയും യാത്രകളിൽ ലഭിക്കുന്ന ഭക്ഷണം കഴിച്ച് ലളിതമായി ജീവിക്കുകയും ചെയ്യുന്ന ശീലമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. എന്നാൽ കൊവിഡ് കാലഘട്ടത്തിനു ശേഷം തന്റെ ജീവതശൈലിയിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ സാധിച്ചതായി ഗഡ്കരി വ്യക്തമാക്കി. നിലവിൽ താൻ പതിവായി യോഗ ചെയ്യാറുണ്ടെന്നും ആരോഗ്യ പരിപാലനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുരംഗത്തുള്ള എല്ലാവരും സ്വന്തം ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam