തുമകുരു റൂറലിലെ ബിജെപി എംഎൽഎ ബി. സുരേഷ് ​ഗൗഡയുടെ മകളും അസിസ്റ്റന്റ് കമ്മീഷണർ ​ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പൊലീസ് ഉദ്യോ​ഗസ്ഥയുടെ മുഖത്തടിച്ചത്. അടിയേറ്റതിന് പിന്നാലെ വനിതാ എസ്ഐ ഐശ്വര്യയെ പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ. തുമകുരു റൂറലിലെ ബിജെപി എംഎൽഎ ബി. സുരേഷ് ​ഗൗഡയുടെ മകളും അസിസ്റ്റന്റ് കമ്മീഷണർ ​ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പൊലീസ് ഉദ്യോ​ഗസ്ഥയുടെ മുഖത്തടിച്ചത്. അടിയേറ്റതിന് പിന്നാലെ വനിതാ എസ്ഐ ഐശ്വര്യയെ പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓ​ഗസ്റ്റ് 12-ന് കർണാടകയിലെ ആരതി ഉക്കഡ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്ഐ ബി. സവിതയ്ക്കാണ് എംഎൽഎയുടെ മകളിൽനിന്ന് മർദനമേറ്റത്.

എംഎൽഎയുടെ മകളായ ഐശ്വര്യ ക്ഷേത്രത്തിൽ ദർശനത്തിനായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ദർശനം വൈകുന്നതിൽ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സവിതയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ഐശ്വര്യ എസ്ഐയുടെ മുഖത്തടിച്ചത്. തൊട്ടുപിന്നാലെ എസ്ഐ ഐശ്വര്യയുടെ ചുമലിലും അടിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് രം​ഗം ശാന്തമാക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് ഐശ്വര്യയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി ഉദ്യോ​ഗസ്ഥയെ മർദിച്ചതിനും അധിക്ഷേപിച്ചതിനും സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയുടെ മകൾക്കെതിരേ കേസെടുത്തത്. അതേസമയം, വനിതാ എസ്ഐക്കെതിരേ ഐശ്വര്യയും പൊലീസിൽ പരാതി നൽകി. വനിതാ എസ്ഐ അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഐശ്വര്യയുടെ പരാതിയിലെ ആരോപണം. രണ്ട് പരാതികളിലും അന്വേഷണം നടത്തിവരികയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദന്തി പറഞ്ഞു.