കുടിയേറ്റ തൊഴിലാളികളുടെ മടക്കം: ഗുജറാത്തിൽ പലയിടത്തും സംഘർഷം

By Web TeamFirst Published May 3, 2020, 9:34 AM IST
Highlights

ഗുജറാത്തിലും മഹാരാഷ്ട്രയിലും മാത്രമായി 40 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
 

സൂറത്ത്/മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും മാത്രമായി 40 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി. സംസ്ഥാന അതിര്‍ത്തികളില്‍ പലയിടത്തും പൊലീസും തൊഴിലാളികളും ഏറ്റുമുട്ടി. ഗുജറാത്ത്-മധ്യപ്രദേശ് അതിര്‍ത്തിയായ ദാഹോദ്, രാജസ്ഥാന്‍ അതിര്‍ത്തിയായ ഷംലാജി എന്നിവിടങ്ങളില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. 

വഡോദരക്ക് സമീപവും സംഘര്‍ഷമുണ്ടായി. രണ്ടായിരത്തോളം തൊഴിലാളികള്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. 20 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഗുജറാത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നത്. യുപി, ബിഹാര്‍, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. 11,000 നേപ്പാള്‍ സ്വദേശികളും നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നു. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയായ രത്തന്‍പുരില്‍ വീട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ആയിരങ്ങള്‍ എത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബസുകളിലാണ് കൂടുതലും തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നത്. 

മഹാരാഷ്ട്രയിലും നാട്ടില്‍ പോകാന്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഭീവണ്ടിയില്‍ നിന്ന് യുപിയിലെ ഗൊരഖ്പൂരിലേക്ക് 1200 തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടു. ട്രെയിനില്‍ കയറാന്‍ കുറഞ്ഞത് അയ്യായിരം പേരെങ്കിലുമെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പണിപ്പെട്ടാണ് ഇവരെ മടക്കിയത്. മഹാരാഷ്ട്രയില്‍ 15-20 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്.

കേരളത്തിലും അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് മടക്കിയക്കല്‍ തുടങ്ങി. ഇതുവരെ അഞ്ച് ട്രെയിനുകളിലായി 7000ത്തോളം പേര്‍ മടങ്ങി. മുന്‍ഗണന ക്രമത്തിലാണ് ഇവരെ തിരിച്ചയക്കുന്നത്. ജില്ലാ ഭരണകൂടമാണ് മടക്കയാത്രക്ക് നേതൃത്വം നല്‍കുന്നത്.
 

click me!