സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നൽകിയതായി റിയ സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

By Web TeamFirst Published Sep 8, 2020, 11:07 PM IST
Highlights

സഹോദരൻ ഷൗവിക് ചക്രബർത്തിയെ നേരിട്ട് കണ്ടപ്പോൾ റിയ പൊട്ടിക്കരഞ്ഞുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്ത റിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 
 

മുംബൈ: സുശാന്ത് സിംഗിന് ലഹരിമരുന്ന് എത്തിച്ച് നൽകിയെന്ന കേസിൽ അറസ്റ്റിലായ മുൻകാമുകിയും നടിയുമായ റിയ ചക്രബർത്തിയെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു. സെപ്റ്റംബർ 22 വരെയാണ് റിയയെ റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് റിയയെ കോടതിയിൽ ഹാജരാക്കിയത്. സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നത്. റിയ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. 

റിയയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ കഴിഞ്ഞയാഴ്ച ഇതേ കേസിൽ നർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റിയ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. താൻ നേരിട്ട് ആരിൽ നിന്നും ലഹരിമരുന്ന് വാങ്ങിച്ചിരുന്നില്ലെന്നും, സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നൽകാൻ സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാൻഡയോടും വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിയ മൊഴി നൽകിയിട്ടുണ്ട്.

തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റിയക്ക് മേൽ ചുമത്തിയിരിക്കുന്നത്. ''റിയയ്ക്ക് എതിരെ കൃത്യമായ തെളിവുകളുണ്ട്. അതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അവരെ ഞങ്ങൾക്ക് കസ്റ്റഡിയിൽ ആവശ്യമില്ല. കോടതിയിൽ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുമില്ല. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ വേണ്ട വിവരങ്ങളെല്ലാം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. റിയയുടെ മൊഴികളും മറ്റ് അറസ്റ്റിലായ പ്രതികളുടെ മൊഴികളും ഞങ്ങൾ ഒത്തുനോക്കുകയും ചെയ്തു'', എന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ മുത്ത അശോക് ജെയ്ൻ വാർത്താ ഏജൻസിയോട് പറഞ്ഞു. റിയ ചക്രബർത്തിയുടെ പക്കൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയോ, അവർ ഉപയോഗിച്ചിരുന്നതായി തെളിവുകൾ കിട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, റിയ ചക്രബർത്തിയെ പ്രത്യേകം തയ്യാറാക്കി നിർത്തിയ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യാനായി ആദ്യദിവസം റിയ ചക്രബർത്തി എത്തിയപ്പോൾ മാധ്യമപ്രവർത്തകർ വന്ന് പൊതിഞ്ഞതും, വലിയ ഉന്തും തള്ളുമുണ്ടായതും വിവാദമായിരുന്നു. മാധ്യമപ്രവർത്തകർ റിയയെ വേട്ടയാടുകയാണെന്ന്, പ്രമുഖ അഭിനേതാക്കളടക്കം അഭിപ്രായപ്പെടുകയും, മാധ്യമപ്രവർത്തകരുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു. 

സഹോദരൻ ഷൗവിക് ചക്രബർത്തിയെ നേരിട്ട് കണ്ടപ്പോൾ റിയ പൊട്ടിക്കരഞ്ഞുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയയുടെ ഫോണിൽ നിന്ന് ലഹരിമരുന്ന് വേണമെന്നാവശ്യപ്പെട്ടുള്ള വാട്‍സാപ്പ് സന്ദേശങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ''ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സുശാന്തിന് വേണ്ടി മാത്രമാണ്'', എന്നാണ് അന്വേഷണഏജൻസികളോട് റിയ മൊഴി നൽകിയിരിക്കുന്നത്.

സുശാന്തിന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദിപേഷ് സാവന്ത് റിയയും ഷൗവികും വഴി 165 ഗ്രാം കഞ്ചാവ് സുശാന്തിന് എത്തിച്ചുനൽകിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. 2018 സെപ്റ്റംബർ മുതലാണ് താൻ സുശാന്തിന്‍റെ വീട്ടിൽ ജോലിക്കെത്തിയതെന്നും, അന്ന് മുതൽക്കേ സുശാന്ത് കഞ്ചാവ് ഉപയോഗിക്കുന്നതായി അറിയാമെന്നും ദിപേഷ് സാവന്ത് മൊഴി നൽകിയിട്ടുണ്ട്. 

മുംബൈയിൽ നിന്ന് അറസ്റ്റിലായ രണ്ട് ലഹരികടത്തുകാർ, സുശാന്ത് സിംഗിന് ലഹരി എത്തിച്ചുനൽകിയെന്നതാണ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. ഇത് റിയയും ഷൗവികും വഴിയാണെന്നും, അന്വേഷണ ഏജൻസി പറയുന്നു.

ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിന് പുറമേ, റിയ, സുശാന്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന 15 കോടി രൂപ തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും, ആത്മഹത്യയ്ക്ക് കാരണമായെന്നും ആരോപിച്ച് സുശാന്തിന്‍റെ കുടുംബം നൽകിയ കേസിലും പ്രതിയാണ്. 

click me!