റിയ ചക്രബർത്തി 'ബം​ഗാളി ബ്രാഹ്മിൺ'; അറസ്റ്റ് പരിഹാസ്യമെന്ന് കോൺ​ഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി

By Web TeamFirst Published Sep 10, 2020, 11:14 PM IST
Highlights

പാർട്ടിയുടെ ബീഹാർ യൂണിറ്റ് ജസ്റ്റീസ് ഫോർ സുശാന്ത് സിം​ഗ് രജ്പുത് എന്ന്  ബാനറുകളും പോസ്റ്ററുകളും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയത്. 

ദില്ലി: മയക്കുമരുന്ന് കള്ളക്കടത്ത് ആരോപണത്തെ തുടർന്ന് നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരി. റിയ ചക്രബർത്തി ബം​ഗാളി ബ്രാഹ്മിണ്‍ ആണെന്നാണ് ചൗധരി ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. അതുപോലെ അവരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹാസ്യം എന്നും ചൗധരി വിശേഷിപ്പിച്ചിട്ടുണ്ട്. റിയയുടെ പിതാവ് വിരമിച്ച കരസേന ഉദ്യോ​ഗസ്ഥനാണ്. തന്റെ മക്കൾക്ക് നീതി ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും ചൗധരി ട്വീറ്റിൽ പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയനേട്ടങ്ങൾ ലക്ഷ്യമിട്ട് ബിജെപി സുശാന്തിനെ ബീഹാറി നടനാക്കി മാറ്റിയെന്നും ചൗധരി ട്വീറ്റിൽ ആരോപിച്ചു. 

മരിച്ച നടൻ സുശാന്ത് ഇന്ത്യൻ നടനായിരുന്നു. ബിജെപി അദ്ദേഹത്തെ ബീഹാറി നടനാക്കി മാറ്റി. തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് ഈ നീക്കം. ചൗധരി ട്വീറ്റിൽ കുറിച്ചു. പാർട്ടിയുടെ ബീഹാർ യൂണിറ്റ് ജസ്റ്റീസ് ഫോർ സുശാന്ത് സിം​ഗ് രജ്പുത് എന്ന്  ബാനറുകളും പോസ്റ്ററുകളും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയത്. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറിയതിന്റെ ക്രെഡിറ്റ് ബീഹാറിലെ ബിജെപി സഖ്യത്തിന്റെ ഭാ​ഗമായി നിതീഷ് കുമാർ സർക്കാർ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

Rhea's father is a former military officer, served the nation. Rhea is a Bengalee Brahmin lady, justice to actor sushant rajput should not be interpreted as a justice to Bihari.
(4/n)

— Adhir Chowdhury (@adhirrcinc)

സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണം ബീഹാറിലെ തെരഞ്ഞെടുപ്പിൽ ഒരു വിഷയമായി മാറിയിട്ടുണ്ടെങ്കിലും റിയയുടെ ബം​ഗാളി സ്വത്വം ഇതുവരെ പ്രതിസന്ധികളൊന്നും സൃഷ്ടിച്ചിട്ടില്ല. അറസ്റ്റിനെ അപലപിച്ച് ആദ്യം രം​ഗത്തെത്തിയ രാഷ്ട്രീയ നേതാവാണ് ചൗധരി. സുശാന്തിന് മാത്രമല്ല. തന്റെ മക്കൾക്ക് നീതി ആവശ്യപ്പെടാനുള്ള അർഹത റിയയുടെ പിതാവിനുമുണ്ട്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. മാധ്യമവിചാരണ എന്നത് നീതിന്യായ വ്യവസ്ഥിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. 

റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യ, കൊലപാതകം, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടില്ല. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് ലഹരിവസ്തു നിയമ പ്രകാരമാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ മേലധികാരികളെ പ്രീതിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കമാണ് ഇതിന് പിന്നിൽ. മയക്കുമരുന്ന് ഇടപാട് നടന്നതായി കണ്ടെത്തിയെങ്കിലും കൊലപാതകി ആരാണെന്ന് കണ്ടെത്തുന്ന കാര്യത്തിൽ അവർ ഇരുട്ടിൽ തപ്പുകയാണെന്നും ചൗധരി വ്യക്തമാക്കി. 

click me!