
മുംബൈ: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്നാവശ്യം ഉന്നയിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ അധ്യക്ഷന്‍ രാജ് താക്കറയെ പരിഹസിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന രാജ് താക്കറക്കെതിരെ രംഗത്ത് വന്നത്.
ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് തനിക്ക് മദ്യവും എന്നാണ് രാജ് താക്കറെ ഉന്നയിച്ച ആവശ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ആളുകള്‍ക്ക് ചോറ് പ്രധാനമാണെന്നും എന്നാല്‍ അത്രതന്നെ പ്രധാനമാണ് ക്വാര്‍ട്ടറും പെഗ്ഗും എന്ന വിലപ്പെട്ട വിവരമാണ് രാജ് താക്കറെ പങ്കുവെച്ചതെന്നും സാമ്ന മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിലാണ്, വൈന്‍ ഷോപ്പുകള്‍ തുറന്നിടാന്‍ അനുവദിക്കുന്നത് മദ്യ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല, മറിച്ച് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ വരുമാനത്തിന്റെ വരവ് ഉറപ്പാക്കാനാണെന്ന് രാജ് താക്കറെ പറഞ്ഞത്. എന്നാല്‍ ശിവസേന ഈ ആവശ്യം തള്ളിക്കളഞ്ഞു.
ലോക്ക്ഡൗണ്‍ കാരണം വൈന്‍ ഷോപ്പുകള്‍ മാത്രമല്ല മദ്യ ഫാക്ടറികള്‍ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണം. ഷോപ്പുകള്‍ തുറക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് വരുമാനം ലഭിക്കില്ല. ഒരു വിതരണക്കാരന്‍ ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സര്‍ക്കാരിന് എക്‌സൈസ്, സെയില്‍സ് ടാക്‌സ് രൂപത്തില്‍ വരുമാനം ലഭിക്കും. ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തൊഴിലാളികള്‍ ആവശ്യമാണ്. കൂടാതെ, ഷോപ്പുകള്‍ വീണ്ടും തുറന്നാല്‍ സാമൂഹിക അകലം പാലിക്കില്ല- സാമ്ന മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam