വിവാഹം കൂടാനെത്തി ലോക്ക്ഡൗണിൽ കുടുങ്ങി; ടെറസിന് മുകളില്‍ താമസമാക്കി 55 പേര്‍ !

By Web TeamFirst Published Apr 25, 2020, 5:04 PM IST
Highlights

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാളായ സുമിത് കുമാര്‍ പറഞ്ഞു. 

റാഞ്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് പോകാനാകാതെ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. അത്തരത്തിൽ ഒഡീഷയിൽ നിന്ന് ജംഷഡ്പുരിലെ ബന്ധു വീട്ടിൽ വിവാഹത്തിന് പങ്കെടുക്കാനെത്തിയ 55 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

പത്തോളം കുട്ടികൾ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ഇവർക്ക് തിരിച്ചുപോകാൻ സാധിക്കാതായി. ഒഡീഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് ‍‍‍ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. 

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാളായ സുമിത് കുമാര്‍ പറഞ്ഞു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാന്‍ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും കുമാര്‍ പറയുന്നു. ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിക്കാരും മറ്റും തിരിച്ചു പോകാനുള്ള അവസരമൊരുക്കുമെന്ന് പ്രതീക്ഷയിലാണ് ഇവരിപ്പോൾ.

click me!