
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ എന്തെന്ന് ചോദിച്ച മാധ്യമ പ്രവർത്തകയോട് നെറ്റിയിലെ പൊട്ടെവിടെയെന്ന് ചോദിച്ച് ഹിന്ദുസംഘടനാ നേതാവ്. നെറ്റിയിൽ പൊട്ടില്ലാത്ത മാധ്യമ പ്രവർത്തകയോടെ പ്രതികരിക്കില്ലെന്നും സംഭാജി ഭിഡെ എന്ന നേതാവ് വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടികാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ സംഭാജി ഭിഡെയോടെയാണ് മാധ്യമ പ്രവർത്തക രൂപാലി വിശദാംശങ്ങൾ തേടിയത്. അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു ഹിന്ദു സംഘടനാ നേതാവിൽ നിന്ന് ഉണ്ടായത്.
സ്ത്രീകൾ ഭാരതാംബയ്ക്ക് തുല്യരാണെന്നും നെറ്റിയിൽ പൊട്ടു തൊടാതെ വരുന്നത് വിധവയ്ക്ക് സമാനമാണെന്നും അങ്ങനെ ചെയ്യരുതെന്നും സംഭാജി ഭിഡെ മാധ്യമ പ്രവർത്തകയോട് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടു. സംഭാജിയുടെ പരാമർശത്തിൽ വിശദീകരണം ചോദിച്ച് മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ നോട്ടിസ് അയച്ചു. മറുപടിക്ക് ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുമോയെന്ന് അറിയാനാകുക.
സംഭവത്തിന്‍റെ വീഡിയോ കാണാം
അതേസമയം മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത എം എല്‍ എമാരും അവരുടെ അനുയായികളും ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വാതിലടച്ചു എന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടി തിരക്ക് നിയന്ത്രണതീതമായതോടെയാണ് വാതിലടച്ചതെന്നാണ് സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. കുറച്ച് സമയത്തിന് ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെക്രട്ടേറിയറ്റിലെ ആറാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ തിരക്കാണുണ്ടായതെന്നും മുഖ്യമന്ത്രിക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു എന്നും അതിനെ തുടർന്നാണ് കുറച്ച് സമയം വാതില്‍ അടച്ചിടേണ്ടി വന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.