
ബെംഗളൂരു: കർണാടകയിലെ എല്ലാ സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് 10 മിനിറ്റ് ധ്യാനം നിർബന്ധമാക്കാൻ കർണാടക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താനും വിദ്യാർത്ഥികൾ ക്ലാസിന് മുമ്പ് എല്ലാ ദിവസവും ധ്യാനിക്കണമെന്ന് മന്ത്രി പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞു. ചില സ്കൂളുകളിൽ ഇതിനകം ധ്യാനം പരിശീലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ നിർദേശത്തിനെതിരെ വിമർശനമുയർന്നു. മന്ത്രിയുടെ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 (1) പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിന്റെ യോഗ്യതയുള്ള അധികാരിക്ക് മാത്രമേ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഭഗവദ് ഗീതയും വേദ ഗണിതവും അവതരിപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ധ്യാനത്തിന്റെ പേരിൽ മതവത്കരിക്കുകയാണെന്നും എസ്എഫ്ഐ പ്രസിഡന്റ് അമരേഷ് കഡഗാഡ പറഞ്ഞു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിന് പകരം മികച്ചതും തുല്യവുമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. എന്നാൽ, ധ്യാനം മതപരമായ ആചാരമല്ലെന്ന് മന്ത്രി നാഗേഷ് മറുപടി പറഞ്ഞു. കൊവിഡിന് ശേഷം കുട്ടികൾക്ക് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെട്ടു. മൊബൈൽ ഫോണും ഇവർക്ക് ശീലമായി. ഈ സാഹചര്യം ശരിയാക്കാൻ കുട്ടികൾക്ക് ധ്യാനം പലരും നിർദ്ദേശിച്ചു. ചിലർ അതിനെ എതിർക്കുന്നു എന്നതിനാൽ നല്ല ആശയം ഉപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.