ഹിമാചൽ അങ്കത്തിന് എട്ട് നാൾ; കേന്ദ്ര നേതാക്കളുടെ നീണ്ട നിരയുമായി ബിജെപി, വെല്ലുവിളികൾ മറികടക്കാൻ കോൺഗ്രസ്

Published : Nov 03, 2022, 04:31 PM IST
ഹിമാചൽ അങ്കത്തിന് എട്ട് നാൾ; കേന്ദ്ര നേതാക്കളുടെ നീണ്ട നിരയുമായി ബിജെപി, വെല്ലുവിളികൾ മറികടക്കാൻ കോൺഗ്രസ്

Synopsis

ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് പാർട്ടികൾ. ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്ര നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് ബിജെപി പ്രചരണം.

ദില്ലി: ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് പാർട്ടികൾ. ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്ര നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് ബിജെപി പ്രചരണം. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടിടങ്ങളിൽ റാലി നടത്തും. ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ലെന്ന വെല്ലുവിളി ആണ് കോൺഗ്രസ് നേരിടുന്നത്. പല മണ്ഡലങ്ങളിലും വിമത ഭീഷണി കൂടി ഉയർന്നത് രണ്ട് പാർട്ടികൾക്കും തലവേദനയാണ്. 

ദിവസങ്ങൾ അടുത്തുവരുമ്പോൾ കാടിളക്കിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്   ബിജെപിയും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ. പതിഞ്ഞ് തുടങ്ങിയ എഎപിയും കളം പിടിക്കാനൊരുങ്ങുന്നു. കോൺഗ്രസ് നേതാക്കളെല്ലാം പ്രചാരണത്തിനെത്തുന്നെങ്കിലും ഉയർത്തിക്കാണിക്കാൻ മുഖമില്ലെന്നതാണ് വലിയ വെല്ലുവിളി. താരപ്രചാരകരായ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പ്രചാരണ ഷെഡ്യൂളുകൾ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭൂപേഷ് ബാഗേലിനൊപ്പം പ്രിയങ്ക ഗാന്ധിയാണ് ഇപ്പോൾ പ്രചാരണം നടത്തുന്നത്. അവർ രണ്ട് വലിയ റാലികളെയാണ് അഭിസംബോധന ചെയ്തത്. നവംബർ 8, 9 തീയതികളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഹിമാചലിലെത്തുന്നു.  ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയുള്ള പ്രചാരണത്തിനൊപ്പം ഭരണവിരുദ്ധ വികാരവും വോട്ടാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഇതുവഴി വെല്ലുവിളികളെ മറികടന്ന് മികച്ച മത്സരവും ഭരണവും കോൺഗ്രസ് സ്വപ്നം കാണുന്നുണ്ട്. 

എന്നാൽ ദേശീയ തലത്തിലുണ്ടാക്കിയ നേട്ടങ്ങളുടെ ലിസ്റ്റ് ഇറക്കിയാണ് ബിജെപി തന്ത്രങ്ങൾ. ഇതിനായി കേന്ദ്ര നേതാക്കളുടെ നീണ്ട നിര തന്നെ ഹിമാചലിലെത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രചാരണ ചൂട് കൂട്ടാൻ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് റാലികളിലാണ് പങ്കെടുക്കുന്നത്. ഇതിനകം സംസ്ഥാനത്ത് നാല് റാലികളെ മോദി അഭിസംബോധന ചെയ്തുകഴിഞ്ഞു. ഇരു പക്ഷത്തും വിമത ഭീഷണി കടുത്തതോടെ വലിയ മുന്നൊരുക്കങ്ങൾ പാർട്ടികൾ നടത്തുന്നുണ്ട്. ഈ പചശ്ചാത്തലത്തിൽ അമിത് ഷാ സംസ്ഥാനത്ത് നേരത്തെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ റാലികളിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഹിമാചലില്‍ വന്‍ വിജയം നേടി അധികാരം നിലനിർത്താമെന്നുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് മേലാണ് വിമത ശല്യം കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്. മുൻ എംഎൽഎമാരടക്കം ബിജെപി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെയാണ് ബിജെപി നേതൃത്വം ഞെട്ടിയത്. കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടാണ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്.  

തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്നവരെ പാര്‍ട്ടി പുറത്താക്കി. ഇതില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിംഗും ഉള്‍പ്പെടുന്നുവെന്നുള്ളതാണ് പാര്‍ട്ടിയെ അമ്പരിപ്പിച്ച കാര്യം. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംഗ് കുളു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് രാം സിംഗ് പത്രിക സമര്‍പ്പിച്ചത്. ആറ് വര്‍ഷത്തേക്കാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ബിജെപി നേതൃത്വം.  പ്രധാന നരേന്ദ്ര മോദി എത്തുന്നതോടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ വഴിയേ എത്തിക്കാമെന്ന് സംസ്ഥാന നേതൃത്വം കണക്കുക്കൂട്ടുന്നുണ്ട്. ഇതിനൊപ്പമാണ് അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. വിമത ശല്യത്തില്‍ പാര്‍ട്ടി ഒന്ന് ഞെട്ടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വിമത ശല്യം വിജയത്തെ ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നത്. 

Read more:ഹിമാചലില്‍ വിമത ശല്യത്തില്‍ ഞെട്ടി ബിജെപി; അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുത്തേക്കും, മോദി അഞ്ചിന് എത്തും

അതേസമയം പതിഞ്ഞ തുടക്കമാണ് എഎപിയുടേത്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച അരവിന്ദ് കെജ്രിവാൾ ഇന്ന് ആദ്യമായാണ് ഒരു റാലിയിൽ പങ്കെടുക്കുന്നത്. പ്രചാരണത്തിൽ ഏറെ മുന്നിലാണ് ബിജെപിയും കോൺഗ്രസും എന്നിരിക്കെ എഎപിക്ക് ഇനി കാര്യങ്ങൾ എളുപ്പമാവില്ല. വെല്ലുവിളിയുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് പോലും എഎപി ഇന്ന് ആശ്വാസമാണ് പകരുന്നത്.  സോളനിൽ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ ആണ്  കെജ്‌രിവാൾ അഭിസംബോധന ചെയ്യുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സംസ്ഥാനം സന്ദർശിക്കുന്നത്. പാർട്ടി ഭരിക്കുന്ന പഞ്ചാവ് ഗവൺമെന്റിനെതിരായ അതൃപ്തിയും  ഹിമാചൽ ചുമതലയുള്ള സതേന്ദർ ജെയിനിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിയും എഎപി പ്രചാരണത്തെ മോശമായി ബാധിക്കുന്നുണ്ട്. നേതാക്കളെയും അണികളെയും കൂടെ നിർത്താൻ സാധിക്കാത്തതും എഎപിക്ക് തിരിച്ചടിയാണ്. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും എഎപിയിലെത്തിയ നേതാക്കൾ ഒന്നുകിൽ വിമതരാവുകയും അല്ലെങ്കിൽ തിരിച്ചുപോവുകയും ചെയ്തു. ബിജെപി, കോൺഗ്രസ് പ്രചാരണം പോലുള്ള വലിയ പ്രചാരണങ്ങൾക്കുള്ള ജനശക്തിയോ നേതൃത്വമോ എഎപിക്ക് ഹിമാചലില്ലെന്നാണ് വിലയിരുത്തൽ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം