ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം (Marriage Age 21) ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്. അവതരിപ്പിക്കണമെന്ന് രാവിലെ തീരുമാനിക്കുകയാണെങ്കിൽ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാൻ സാധിക്കും.
അതേ സമയം, ബില്ലിന്മേൽ സ്വീകരിക്കേണ്ട നിലപാട് കോൺഗ്രസ് ഇന്ന് തീരുമാനിച്ചേക്കും. ഇക്കാര്യത്തിൽ കോൺഗ്രസ്സിൽ ആശയഭിന്നത തുടരുകയാണ്. ബില്ലിനോട് വിയോജിക്കുമ്പോഴും എതിർത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോൺഗ്രസിലുണ്ട്. വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിപ്പെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. എന്നാൽ ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചത്.
എന്നാൽ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണം എന്ന നിർദ്ദേശം സിപിഎം പൊളിറ്റ് ബ്യൂറോ യോഗമാണ് മുന്നോട്ടു വച്ചത്. മുസ്ലീം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്. അതേസമയം വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കോടതിക്ക് പുറത്ത് കേസുകൾ മധ്യസ്ഥതയിൽ തീർക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ട ബിൽ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സസ്പെൻഷനിലായ രാജ്യസഭ എംപിമാർ വിട്ടുനിന്നേക്കും
കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ നിന്ന് സസ്പെൻഷനിലായ രാജ്യസഭ എംപിമാർ വിട്ടുനിന്നേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം ഒൻപതരയ്ക്ക് ചേരും. പത്ത് മണിക്കാണ് സർക്കാർ ചർച്ച നിശ്ചയിച്ചിരിക്കുന്നത്.. പാർലമെൻററികാര്യമന്ത്രി പ്രൾഹാദ് ജോഷിയാണ് എംപിമാരെ ചർച്ചയ്ക്കു വിളിച്ചത്. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചർച്ചയ്ക്കു വിളിക്കണം എന്നാണ് നിലപാടെന്ന് എളമരം കരീമും ബിനോയ് വിശ്വവും അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam