'താനെ താക്കറെ' എന്ന ഷിന്‍ഡെ സാഹിബ് ; ഓട്ടോഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രിപദം വരെയെത്തിയ താനെയുടെ 'ധരംവീര്‍' 

By Manu SankarFirst Published Jul 3, 2022, 9:11 PM IST
Highlights

ബാല്‍താക്കറെയുടെ മകനോളം വലുപ്പമില്ലെന്ന് നന്നായി അറിയാമായിരുന്ന ഷിന്‍ഡെ, വര്‍ഷ ബംഗ്ലാവിലേക്കുള്ള തുറപ്പ് ചീട്ടായിറക്കിയത് ധരംവീര്‍ എന്ന  മറാഠ  ചിത്രമായിരുന്നു. ആനന്ദ് ദിഘെയുടെ പിന്‍മുറക്കാരന്‍ ഷിന്‍ഡെ തന്നെയെന്ന സന്ദേശം അരക്കെട്ട് ഉറപ്പിക്കുന്നതാണ് ചിത്രം. പ്രവര്‍ത്തകരെ കൂട്ടത്തോടെ സൗജന്യമായി ടിക്കറ്റ് നല്‍കി പോലും തീയേറ്ററുകളിലേക്ക് ഷിന്‍ഡെ എത്തിച്ചു.

നെറ്റിയില്‍ ചുവന്ന തിലക്കുറി അണിഞ്ഞ താടിക്കാരനായ മുഖ്യമന്ത്രി മാതോശ്രീയുടെ വാതില്‍ തുറന്നുകഴിഞ്ഞു. താടിയും തിലകവുമുള്ള ഈ മുഖ്യമന്ത്രി താനെയ്ക്ക് മാഹാവീര്‍ ആണ്. മറ്റൊര്‍ത്ഥത്തില്‍ ഛോട്ടാ ദിഘെ. മറാഠകളുടെ അഭയകേന്ദ്രമായിരുന്ന ആനന്ദ് ദിഘെ പിന്‍മുറക്കാരനായി ഒരേയൊരാളയെ അവതരിപ്പിച്ചിട്ടുള്ളൂ. ദിഘെയുടെ കാര്‍ ഡ്രൈവറായി ഒപ്പമെത്തിയ ഈ ചെറുപ്പക്കാരനെ 'താനെ' നേതാവാക്കി. ദിഘെയുടെ പ്രതിരൂപമായി കണ്ട് ഷിന്‍ഡെ സാഹിബ് എന്ന് വിളിച്ചു. ഇന്ന് ഷിന്‍ഡെ താനെയുടെ മഹാവീര്‍ ആണ്. ജില്ലയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയും..

 ഷിൻഡെയെ ബാഹുബലിയായി ചിത്രീകരിച്ച ഫ്ലക്സ്

വെസ്റ്റ് താനെയിലെ വര്‍ക് ഷോപ്പിന് മുന്നില്‍ ഷിന്‍ഡെ സാഹിബ് എന്ന് പറഞ്ഞ് ആവേശം കൊണ്ട് നിന്ന മന്‍കേഷിനോടാണ് ഏക്നാഥ് ഷിന്‍ഡെയുടെ വസതിയിലേക്കുള്ള വഴി ചോദിച്ചത്. ബാഹുബലിയുടെ കട്ടൗട്ടില്‍ ഷിന്‍ഡെയുടെ മുഖം ചേര്‍ത്ത കൂറ്റന്‍ ഫ്കക്സ് നിരത്തിയ വഴിയിലേക്ക് വിരല്‍ചൂണ്ടിയാണ് മന്‍കേഷ് വഴിപറഞ്ഞത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തിരിക്കാനൊരുങ്ങുമ്പോള്‍ പുറകില്‍ നിന്ന് മന്‍കേഷ് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു, നിങ്ങള്‍ ഒന്നും ധരംവീര്‍ കണ്ടിട്ടില്ലെ എന്ന് !.

ബാല്‍താക്കറെയുടെ മകനോളം വലുപ്പമില്ലെന്ന് നന്നായി അറിയാമായിരുന്ന ഷിന്‍ഡെ, വര്‍ഷ ബംഗ്ലാവിലേക്കുള്ള തുറപ്പ് ചീട്ടായിറക്കിയത് ഈ മറാഠ ചിത്രമായിരുന്നു. ആനന്ദ് ദിഘെയുടെ പിന്‍മുറക്കാരന്‍ ഷിന്‍ഡെ തന്നെയെന്ന സന്ദേശം അരക്കെട്ട് ഉറപ്പിക്കുന്നതാണ് ചിത്രം. പ്രവര്‍ത്തകരെ കൂട്ടത്തോടെ സൗജന്യമായി ടിക്കറ്റ് നല്‍കി പോലും തീയേറ്ററുകളിലേക്ക് ഷിന്‍ഡെ എത്തിച്ചു. ഓട്ടോഓടിച്ച് കുടുംബം പുലര്‍ത്തിയ, മത്സ്യഫെഡില്‍ ഉന്തുവണ്ടി തള്ളിയ പൂര്‍വകാലം ചിത്രത്തിലൂടെ അവതരിപ്പിച്ചു. ഇതോടെ സാധാരണക്കാരന്‍റെ നേതാവെന്ന സ്ഥാനം പ്രവര്‍ത്തകരുടെ മനസ്സില്‍ ഷിന്‍ഡെ വീണ്ടും ഉറപ്പിച്ചു.

ധരംവീർ സിനിമയുടെ പോസ്റ്റർ

വെസ്റ്റ് താനെയിലെ വോട്ടര്‍മാര്‍ക്കെല്ലാം ഷിന്‍ഡെയുടെ ഈ ജീവിതകാലത്തെക്കുറിച്ചാണ് സംസാരിക്കാനുള്ളത്. താനെയില്‍ ഷിന്‍ഡെ യുവാക്കളുടെ ഹീറോയാണ്. ബോളിവുഡ് താരത്തേക്കാള്‍ പരിവേഷം നല്‍കുന്നു നാട്ടുകാര്‍ ഈ നേതാവിന്.  റിസോര്‍ട്ട് നാടക കരുനീക്കങ്ങളുടെ ഫലമെന്ന വിലയിരുത്തലുകള്‍ക്കിടയിലും  കഠിനാധ്വാനത്തിന്‍റെ ഫലമായാണ് താനെ സ്വദേശികള്‍ ഷിന്‍ഡെയുടെ മുഖ്യമന്ത്രി പ്രവേശനത്തെ വ്യാഖ്യാനിക്കുന്നത്. മണ്ഡലത്തിലെ ഓട്ടോഡ്രൈവര്‍മാരും, കച്ചവടക്കാരും ഒരേ സ്വരത്തില്‍ പറയുന്നത് മഹാവീറിന്‍റെ വിജയമെന്നാണ്. 2009ലെ രൂപീകരണ നാള്‍ മുതല്‍ വെസ്റ്റ് താനെയിലെ ഈ കോപ്രി പച്ച്പഖാദി മണ്ഡലത്തില്‍ നിന്ന് ഒരേയൊരാളെ നിയമസഭയിലെത്തിയിട്ടുള്ളൂ. വെസ്റ്റ് താനെയിലെ വികസന പദ്ധതികള്‍ വോട്ടായി മാറിയെന്ന് ഷിന്‍ഡെ വിഭാഗം അവകാശപ്പെടുന്നു.

ഷിൻഡെയും കുടുംബവും

സത്താറയിലുള്ള വീട്ടിലേക്ക് എത്തിയത് ബാല്‍താക്കറയുടെ ഫ്ലക്സുകള്‍ക്കും ബാനറുകള്‍ക്കും ഇടയിലൂടെയാണ്. താനെ താക്കറെ എന്ന തലക്കെട്ടുകള്‍ ഷിന്‍ഡെയുടെ ബാനറുകളില്‍ നിറഞ്ഞുനിന്നിരുന്നു. പൂച്ചെണ്ടുകളുമായി ആശംസ അറിയിക്കാന്‍ എത്തിയവരുടെ തിരക്കായിരുന്നു വെളുത്ത നിറമുള്ള മൂന്ന് നില കെട്ടിട സമുച്ചയ മുറ്റത്ത്. ഷിന്‍ഡെ സ്ഥലത്തില്ലെങ്കിലും കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വീട്. പ്രവേശന കവാടത്തില്‍ തന്നെ ഒരു ലെറ്റര്‍ ബോക്സ് ശ്രദ്ധയില്‍പ്പെട്ടു, പരാതി എഴുതിയിടാനുള്ള  ബോക്സാണ്. പതിവ് പോലെ അന്നും നൂറിലധികം കത്തുകള്‍ ലഭിച്ചെന്ന് പറഞ്ഞ്, ശിവസേനയുടെ അമ്പും വില്ലും ചിഹ്നം ഭിത്തിയില്‍ കൊത്തിവച്ച സ്വീകരണ മുറിയിലേക്ക്  സുരക്ഷാജീവനക്കാരന്‍ വഴികാട്ടി.

ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ആഹ്ലാദിക്കുന്ന കുടുംബാം​ഗങ്ങളും ബന്ധുക്കളും

ഷിന്‍ഡെയുടെ പിആര്‍ ടീമിലെ ലോകേഷ്, സാഹിബിനെക്കുറിച്ച് വാചാലനായി. ഇക്കഴിഞ്ഞ 21 വര്‍ഷമായി താനെയുടെ പ്രശ്നപരിഹാര ദര്‍ബാര്‍ ആണത്രെ ഈ വീട്. ഷിന്‍ഡെ സാഹിബ് തീര്‍പ്പ് പറഞ്ഞാല്‍ പിന്നെ മറുവാക്കില്ല. ദിവസവും വിവിധയിടങ്ങളില്‍ അപേക്ഷകളുമായി നിരവധി പേര്‍ എത്തുന്നു. ഏത് രാത്രിയും ഏത് പ്രവര്‍ത്തകന്‍ വിളിച്ചാലും നേരിട്ട് ഷിന്‍ഡെ ഫോണ്‍ എടുക്കും. ഗൗരവമുള്ളതാണെങ്കില്‍ രാവിലെ 7 മണിക്ക് മുമ്പ് വീട്ടിലെത്താന്‍ പറയുമത്രെ. വായ്പാ തിരിച്ചടവ് മുതല്‍ ജോലിക്കു വേണ്ടിയുള്ള ശുപാര്‍ശ കത്തുകള്‍ വരെയുണ്ടാകും കൂട്ടത്തില്‍.  ദിഘെയുടെ ഡ്രൈവറായി എത്തി ദര്‍ബാറുകളില്‍ പ്രശ്നം പരിഹരിച്ചുള്ള അനുഭവമാണ് കരുത്ത്. തല്ലി തീര്‍ക്കേണ്ടത് തല്ലി തീര്‍ക്കാനും മടികാണിച്ചിട്ടില്ല ഷിന്‍ഡെ. ശിവസൈനികരുടെ മാത്രമല്ല താനെയുടെ തന്നെ തലതൊട്ടപ്പനായി പ്രതിഷ്ഠിച്ചത് ഈ ഇടപെടലുകളാണ്. 

ഷിൻ‍ഡെയുടെ താനെയിലെ വീട്

പതിനൊന്നും ഏഴും വയസ്സുള്ള രണ്ട് മക്കള്‍ ഷിന്‍ഡെയുടെ കണ്ണ് മുന്നില്‍ വച്ചാണ് മുങ്ങിമരിച്ചത്. അന്ന് 13 വയസ്സ് മാത്രമായിരുന്നു മൂത്തമകനും ഇപ്പോഴത്തെ എംപിയുമായ ഡോ ശ്രീകാന്ത് ഷിന്‍ഡെയുടെ പ്രായം. ആ സമയത്ത് രാഷ്ട്രീയം വിടാന്‍ പോലും തീരുമാനിച്ച ഷിന്‍ഡെ അതേ രാഷ്ട്രീയത്തിലെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലൂടെയാണ് മനോവിഷമം മറികടന്നത്. മടങ്ങാന്‍ തുടങ്ങുമ്പോഴാണ് വീടിന്‍റെ പാര്‍ക്കിങ്ങ് ഏരിയയില്‍ കൂട്ടിവച്ചിരിക്കുന്ന ശിവസേന കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബാല്‍താക്കറെയുടെ ഫ്ക്ലസുകള്‍ നിറെയ വഴിയിലുണ്ടെങ്കിലും ഒരൊറ്റ കൊടി പോലും ഇല്ലായിരുന്നു. അമ്പു വില്ലും ചിഹ്നമുള്ള പാര്‍ട്ടി കൊടികള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ചിഹ്നം ഉറപ്പില്ലാത്തത് കൊണ്ട് കുറച്ച് കഴിയട്ടെ എന്നായിരുന്നു മറുപടി. യഥാര്‍ത്ഥ ശിവസേന തങ്ങളെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും മണ്ണിന്‍റെ മക്കള്‍ വാദം കത്തുന്ന ഔദ്യോഗിക ചിഹ്നം ക്യാമ്പില്‍ ചോദ്യചിഹ്നമാണ്.

click me!