
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനും അതിനെ നയിച്ച ആർജെഡിക്കും ഉണ്ടായത്. തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ സ്ഥിതിയും മറിച്ചല്ല. ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകനായ ഇദ്ദേഹം മഹുവ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഒന്നാമതുള്ള എൽജെപി സ്ഥാനാർത്ഥിയേക്കാൾ 37000ത്തിൽപരം വോട്ടുകൾക്കും രണ്ടാമതുള്ള ആർജെഡി സ്ഥാനാർത്ഥിയേക്കാൾ ആറായിരത്തിൽ പരം വോട്ടുകൾക്കുമാണ് തേജ് പ്രതാപ് യാദവ് പിന്നിട്ടുനിൽക്കുന്നത്. ഇനി ഒൻപത് റൗണ്ട് വോട്ടെണ്ണൽ ബാക്കിയുണ്ടെങ്കിലും മണ്ഡലത്തിൽ ജയിക്കാനാവുമെന്ന പ്രതീക്ഷ തീരെയില്ല തേജ് പ്രതാപ് യാദവിൻ്റെ ജനശക്തി ജനതാ ദൾ ക്യാംപിൽ.
ലോക് ജനശക്തി പാർട്ടി സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങാണ് മണ്ഡലത്തിൽ മുന്നിലുള്ളത്. ആർജെഡിയുടെ മുകേഷ് കുമാർ റോഷൻ രണ്ടാമതാണ്. തേജ് പ്രതാപിന് മണ്ഡലത്തിൽ 26426 വോട്ട് മാത്രമാണ് 19 റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ നേടാനായത്. ഒരു ഘട്ടത്തിൽ എഐഎംഐഎം സ്ഥാനാർത്ഥിക്കും പിന്നിൽ നാലാം സ്ഥാനത്തായിരുന്നു തേജ് പ്രതാപ് യാദവ്.
ഇക്കഴിഞ്ഞ മെയ് 25 നാണ് തേജ് പ്രതാപ് യാദവിനെ ആറ് വർഷത്തേക്ക് ആർജെഡിയിൽ നിന്ന് പുറത്താക്കിയത്. ഒരു സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത തേജ് പ്രതാപ് യാദവ്, തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ലാലു പ്രസാദ് യാദവ് ഇത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല, നിരുത്തരവാദപരമായ സ്വഭാവമെന്ന് വിമർശിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.