
ദില്ലി: ജാമ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് ദില്ലി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനും എതിരെ ആരോപണം. ആരോപണത്തിന് പിന്നാലെ ദില്ലി ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. കോടതിയിലെ ക്ലർക്കിനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റുകയും ചെയ്തു. ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി.
ഈ വർഷം ജനുവരി 29 ന്, ദില്ലി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം, റൗസ് അവന്യൂ കോടതിയിലെ ഒരു പ്രത്യേക ജഡ്ജിക്കും അദ്ദേഹത്തിന്റെ കോടതിയിലെ ഗുമസ്തനും എതിരെ അന്വേഷണം ആരംഭിക്കാൻ അനുമതി തേടി നിയമ, നീതി, നിയമസഭാ കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തെഴുതി. എന്നാൽ, ദില്ലി ഹൈക്കോടതി ഈ അപേക്ഷ തള്ളിക്കളഞ്ഞു. പ്രത്യേക ജഡ്ജിക്കെതിരെ എസിബിയുടെ പക്കൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അന്വേഷണം തുടരാൻ എസിബിയോട് ആവശ്യപ്പെടുകയും പ്രത്യേക ജഡ്ജിയുടെ പങ്കാളിത്തം തെളിയിക്കുന്ന എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയാൽ വീണ്ടും തങ്ങളെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
2021-ൽ വ്യാജ/ സ്ഥാപനങ്ങൾക്ക് ജിഎസ്ടി റീഫണ്ട് അനുവദിച്ചതിന് ഒരു ജിഎസ്ടി ഉദ്യോഗസ്ഥനെതിരെ 2023 ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസ് എസിബി കത്തിൽ പരാമർശിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥൻ, മൂന്ന് അഭിഭാഷകർ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്, രണ്ട് ട്രാൻസ്പോർട്ടർമാർ എന്നിവരുൾപ്പെടെ പതിനാറ് പേരെ എസിബി അറസ്റ്റ് ചെയ്ത് പ്രത്യേക ജഡ്ജിയുടെ കോടതിയിൽ ഹാജരാക്കി. അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കാൻ തുടങ്ങിയതോടെ, അപേക്ഷകളിൽ ഭൂരിഭാഗവും പരിഗണിക്കുകയും മാറ്റിവയ്ക്കുകയും ചെയ്തതായി എസിബി ചൂണ്ടിക്കാട്ടി.