
ചെന്നൈ: ഡിഎംകെ നേതാവ് ആർഎസ് ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ഡിഎംകെ നേതാക്കൾ രംഗത്തെത്തി. നേതാവിനെ സ്വീകരിക്കാൻ നൂറ് കണക്കിന് പ്രവർത്തകരാണ് എഗ്മൂർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയത്.
രാജ്യസഭാ എംപിയും, ഡിഎംകെയുടെ സംഘടനാ സെക്രട്ടറിയുമാണ് ആർഎസ് ഭാരതി. പട്ടികജാതി വിഭാഗങ്ങൾക്ക് എതിരായ വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ് നടന്നത്. സംഭവം രാഷ്ട്രീയ പകപോക്കലാണെന്നും കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് അറസ്റ്റെന്നും ഡിഎംകെ നേതാക്കൾ ആരോപിച്ചു.
മദ്രാസ് ഹൈക്കോടതിയിലടക്കം ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണെന്നുമായിരുന്നു ഭാരതിയുടെ പരാമർശം. അണ്ണാ ഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്ന് ആർ എസ് ഭാരതി പ്രതികരിച്ചിരുന്നു. പൊലീസിനെ ഉപയോഗിച്ച് അണ്ണാ ഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.