
ബെംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് മൂന്ന് സീറ്റുകൾ നേടിയിരുന്നു. ക്രോസ് വോട്ടിങ് നടന്നതിനെ തുടര്‍ന്ന് രണ്ട് സീറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഒരു സീറ്റ് മത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ എന്നിവരും ബിജെപിയിൽ നിന്ന് നാരായൻസ കെ ഭണ്ഡാഗെയും ആണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സയ്യിദ് നസീർ ഹുസൈന്റെ വിജയത്തെ തുടര്‍ന്നുള്ള ആഘോഷവും മുദ്രാവാക്യം വിളിയും. നസീര്‍ ഹുസൈനെ അനുകൂലിക്കുന്നര്‍ ആഘോഷങ്ങൾക്കിടെ 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന വിവാദ മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച വീഡിയോ ആണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥി നസീർ ഹുസൈന്റെ വിജയത്തിൽ ആഹ്ലാദിക്കാൻ നാണമില്ലാത്ത കോൺഗ്രസ് പ്രവർത്തകർ കർണാടക നിയമസഭയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി, വിവാദ വീഡിയോ പങ്കുവെച്ച് എക്സിൽ ബിജെപി നേതാവും കർണാടക നിയമസഭയിൽ പ്രതിപക്ഷ നേതാവുമായ ആർ അശോക ട്വീറ്റ് ചെയ്തു. ഡികെ ശിവകുമാറിന്റെയും കോൺഗ്രസിന്റെയും അപകടകരമായ പ്രീണന രാഷ്ട്രീയമാണ് ഈ വീഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച് ബിജെപി പരാതി നൽകിയതായും വിവരമുണ്ട്.
വോട്ടെടുപ്പിൽ രണ്ട് ബി ജെ പി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയതാണ് ബി ജെ പി - ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായിരുന്നു. യശ്വന്ത് പുര എം എൽ എ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എൽ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എൽ എ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബി ജെ പി. 45 വോട്ടുകളാണ് ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്.
കുതന്ത്രങ്ങൾക്ക് മേൽ ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ പ്രതികരണം. വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് ലഭിച്ചത് 45 വോട്ടാണ്. ബി ജെ പിയുടെ നാരായൺസ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാൽ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam