മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന ജെൻസി പ്രക്ഷോഭം വലിയ ശ്രദ്ധ നേടിയതിനിടെ, ജെൻസികളുമായി സംവദിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) ഒരുങ്ങുന്നു. ഈ മാസം ആറിന് മുംബൈയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ജെൻസികളുമായും ജെൻ ആൽഫകളുമായും സംവദിക്കും. മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിലാണ് പരിപാടി നടക്കുക. ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ് (ഐഐഎംയുഎൻ) എന്ന സംഘടനയുടെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 15നും 19നും ഇടയിൽ പ്രായമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് യുവജന സംഗമത്തിൽ ഒത്തുചേരുന്നത്.
അടുത്ത തലമുറയെ നയിക്കുക മാത്രമല്ല, അവരെ കേൾക്കുക കൂടിയാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്ന് ഐഐഎംയുഎൻ സ്ഥാപകൻ റിഷഭ് ഷാ പറഞ്ഞു. ഇന്ത്യയുടെ ഈ സുപ്രധാന ഘട്ടത്തിൽ ഇത്തരമൊരു സംവാദം എന്നത്തേക്കാളും ആവശ്യമാണ്. തങ്ങളുടെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ സംസാരിക്കാനെത്തുന്ന മോഹൻ ഭാഗവതിനോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
കോക്റോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതൽ അടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കമാരംഭിച്ചതിന് പിന്നാലെ ആണ് ആർഎസ്എസ് നേതൃത്വം പുതുതലമുറയോട് സംസാരിക്കാൻ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. സിജെപി സമരത്തിലെ യുവശക്തി തിരിച്ചറിഞ്ഞാണ് മോദി യുവാക്കളുമായി അടുക്കാൻ പുതുവഴികൾ തേടുന്നത്. പുതിയ ഉള്ളടക്കങ്ങളുമായി ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഏറ്റവും സജീവമായ നേതാക്കളിൽ ഒരാളാണ് മോദി.
ഇക്കഴിഞ്ഞ ദിവസം ഒരുകോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരിമുക്ത യുവത എന്ന പേരിൽ ലഹരിക്കെതിരെ രാജ്യവ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടിരുന്നു. ലഹരിയുടെ വഴിയിൽ സഞ്ചരിക്കുന്ന യുവതിയെ നേർവഴിക്ക് നടത്താനാണ് ലഹരിമുക്ത യുവത്വം പദ്ധതിക്ക് തുടക്കം കുറച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ ശക്തിക്ക് ലഹരി ഉപേക്ഷിക്കണമെന്ന് മോദി ഓൺലൈൻ പരിപാടിയിൽ യുവാക്കളോട് ഉപദേശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam