
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് ആർഎസ്എസും അന്വേഷണത്തിന്. ആർഎസ്എസ് തലവൻ മോഹൻഭാഗവതിന്‍റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിന്‍റ് മേഖലപ്രചാരക് അന്വേഷണത്തിനായി അയോധ്യയിലെത്തി. അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് ജൂലൈ 11 ലെ ട്രസ്റ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചമ്പത് റായിയെ ദില്ലിയിലേക്ക് വിളിപ്പിച്ചതായാണ് വിവരം. വിദേശ സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടൻ ട്രസ്റ്റ് പുനസംഘടന ചർച്ച തുടങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് കഴിഞ്ഞ ദിവസം നിർണ്ണായക നീക്കം നടത്തിയിരുന്നു. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ അയോധ്യ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ക്ഷേത്രത്തിൽ ബന്ധു നിയമനമടക്കം നടത്തിയെന്നാണ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം കണ്ടെത്തിയത്.
ക്ഷേത്രക്കൊള്ളയിൽ കേസെടുക്കാൻ വൈകിയെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ പൊലീസിനും ട്രസ്റ്റ് ജീവനക്കാർക്കും തട്ടിപ്പ് നടന്നുവെന്ന് വിവരം ലഭിച്ചിരുന്നുവെന്നും കേസെടുക്കാൻ വൈകിയെന്നുമാണ് ആരോപണം. കേസിൽ അറസ്റ്റിലായ അവിനാഷ് ശുക്ളയുടെ വസതിയിൽ ജൂൺ 5ന് റെയ്ജ് നടന്നതിന്‍റെയും ഒരു ബാഗടക്കം ഉദ്യോഗസ്ഥർ കൊണ്ടു പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാൾക്ക് കാണിക്കയിൽ നിന്നും എണ്ണുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേർ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രെവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരൻ ഒഴിക്കെ ബാക്കി ഏഴു പേരിൽ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam