
ദില്ലി: വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ. ആർ രാജഗോപാലിനെതിരായ നടപടി എന്തൊരു യുക്തിയില്ലായ്മയാണെന്ന് കോൺഗ്രസ് വിമർശിച്ചു. നിയമവാഴ്ചയിൽ മുന്നോട്ടുപോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് കോൺഗ്രസ് എംപി വിവേക് തൻഖ ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു.
പ്രമുഖ മാധ്യമപ്രവർത്തകനും മലയാളിയുമായ ആർ രാജഗോപാൽ, വോട്ടവകാശം എസ്ഐആറിലൂടെ നിഷേധിക്കപ്പെട്ടതും അത് കാരണമുണ്ടായ നഷ്ടങ്ങളും തുറന്നെഴുതിയതോടെ ആണ് സംഭവം ചർച്ചയായത്. 2002ലെ വോട്ടർ പട്ടികയിൽ രാജഗോപാലിന്റെയോ അച്ഛന്റെയോ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വോട്ടവകാശം നിഷേധിച്ചത്. കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലാണ് രാജഗോപാലിന് വോട്ടുണ്ടായിരുന്നത്. ഇതിനെതിരെ സുപ്രീം കോടതി നിയോഗിച്ച ട്രൈബ്യൂണലിന് പരാതി നൽകി കാത്തിരിക്കുകയാണ് രാജഗോപാൽ.
കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് വോട്ടു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വോട്ടവകാശം പോയെന്ന് മാത്രമല്ല, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനും അധികൃതർ അനുവാദം നൽകിയില്ല. പാസ്പോർട്ടിനുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത പൊലീസ് പ്രതികൂല റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേ തുടർന്ന് യുഎസിൽ വെച്ചുനടന്ന മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാജഗോപാലിന് കഴിഞ്ഞില്ല.
ഏപ്രിലിൽ അപ്പീൽ നൽകിയെങ്കിലും നൂറ് ദിവസം പിന്നിട്ടിട്ടും ഇപ്പോഴും അധികൃതർ അനങ്ങിയിട്ടില്ല. ഇതിനെതിരെ രാജഗോപാൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഫുട്ബോൾ തട്ടും പോലെ അധികൃതർ തന്നെ തട്ടിക്കളിക്കുകയാണെന്നും ഒരു പത്ര എഡിറ്ററുടെ അവസ്ഥ ഇതാണെങ്കിൽ എസ്ഐആറിൽ ഒഴിവാക്കിയ നിരവധി സാധാരണക്കാർ എന്ത് പ്രതിസന്ധിയിലായിരിക്കുമെന്നും രാജഗോപാൽ ചോദിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയടക്കം പ്രമുഖർ രാജഗോപാലിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി എസ്ഐആറിനെതിരെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. എസ്ഐആറിനെ പൗരത്വം നിഷേധിക്കാനുള്ള ആയുധമാക്കി കേന്ദ്ര സർക്കാർ മാറ്റുകയാണെന്ന് എം എ ബേബി വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam