നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം ആഘോഷിക്കാൻ ആർഎസ്എസ്, എതിർപ്പുമായി കുടുംബാം​ഗം -വിവാദം

By Web TeamFirst Published Jan 22, 2023, 11:13 AM IST
Highlights

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ അദ്ദേഹം ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ലെന്നും മതത്തെ രാഷ്ട്രീയത്തിനായി ഉപയോ​ഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: സ്വാതന്ത്രസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ആർഎസ്എസ് ആസൂത്രണം ചെയ്ത പരിപാടിയെച്ചൊല്ലി വിവാദം. ചടങ്ങിൽ പങ്കെടുക്കാൻ സംഘടനാ മേധാവി മോഹൻ ഭഗവത് കൊൽക്കത്തയിലെത്തിയതിന് പിന്നാലെയാണ് പരിപാടിയെച്ചൊല്ലി വിവാദമുണ്ടായത്. നേതാജിയുടെ കുടുംബാം​ഗമായ ചന്ദ്രകുമാർ ബോസ് ആർഎസ്എസിനെ ചോദ്യം ചെയ്ത് രം​ഗത്തെത്തി. 
നേതാജിയുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള സവർക്കറെ ആരാധിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്ന് അദ്ദേഹം ടെലിവിഷൻ ചാനലായ ടൈംസ് നൗവിനോട് അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. നേതാജി ഒരു ഭക്ത ഹിന്ദുവായിരുന്നു എന്നത് ശരി തന്നെ. അദ്ദേഹം കാളി ഭക്തനായിരുന്നു. രാത്രി വൈകി ദക്ഷിണേശ്വർ ക്ഷേത്രത്തിൽ പോയി കാളിദേവിയുടെ മുന്നിൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ അദ്ദേഹം ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ലെന്നും മതത്തെ രാഷ്ട്രീയത്തിനായി ഉപയോ​ഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജിയുടെ പ്രത്യയശാസ്ത്രത്തെ ആർഎസ്എസ് എതിർക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിൽ അർത്ഥമില്ലെന്നും ചന്ദ്രബോസ് ആരോപിച്ചു.

നേതാജിയുടെ ജന്മദിനം ആഘോഷിക്കുന്ന ഒരാൾ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുന്നു. നേതാജിയുടെ ഭാരതം എന്ന സങ്കൽപ്പത്തിൽ സമുദായങ്ങൾക്കിടയിൽ ഒരു വ്യത്യാസവുമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസും ആർഎസ്എസിനെതിരെ രം​ഗത്തെത്തി.  രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയി നേതാജിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ആർഎസ്എസിന്റെ നീക്കത്തെ വിമർശിച്ചു. സവർക്കറിനേയും നേതാജിയേയും ആഘോഷിക്കുന്നത് ആർഎസ്എസിന്റെ വൈരുദ്ധ്യമാണെന്നും സുഖേന്ദു പറഞ്ഞു. നമ്മുടെ ദേശീയ നേതാക്കൾക്കിടയിൽ ആർഎസ്എസിന് അവകാശപ്പെടാൻ ആരുമില്ല. അവരുടെ നേതാവായ സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് ദയ തേടിയതിന്റെ പേരിൽ പിന്നീട് ഇന്ത്യക്കാർ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ആർഎസ്എസിന്റെ ആശയങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാകാത്ത നേതാജിയെ ഇവർ എങ്ങനെ അം​ഗീകരിക്കും. തികച്ചും മതേതരനായ വ്യക്തിത്വമായിരുന്നു നേതാജിയെന്നും അദ്ദേഹം പറഞ്ഞു. 

click me!