
ദില്ലി: റഷ്യൻ (Russia) ആക്രമണം നേരിടുന്ന യുക്രൈനിലെ (Ukraine) ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധൻ. പരിഭ്രാന്ത്രരാകേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി അറിയിച്ചു. 'ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം. അതിന് വേണ്ട ബദൽ മാർഗങ്ങളാണ് നടപ്പാക്കുന്നത്. ആവശ്യമായ സഹായമെത്തിക്കും വിദേശകാര്യമന്ത്രാലയത്തിന്റെ കീവിലെ അടക്കം കൺട്രോൾ റൂം വിപുലപ്പെടുത്തി. രക്ഷാ ദൌത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു.
നിലവിലെ സാഹചര്യത്തിൽ, യുക്രൈനിന്റെ കിഴക്കൻ പ്രദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്. പടിഞ്ഞാറൻ യുക്രൈൻ പ്രദേശത്ത് യുദ്ധ സാഹചര്യമില്ലെന്നാണ് അവിടെനിന്നുള്ള വിദ്യാർത്ഥികൾ അറിയിച്ചത്. എല്ലാവരും . എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണം. ഭയപ്പെടേണ്ടതിന്റെയോ പരിഭ്രാന്ത്രരാകേണ്ടതിന്റെയോ ആവശ്യമില്ലെന്നും വേഗത്തിൽ എല്ലാവരേയും തിരികെയെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ ഇന്ന് പുലർച്ചെയോടെയാണ് യുക്രൈനിൽ റഷ്യ സൈനിക നടപടിയാരംഭിച്ചത്. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിൽ കീവിലേക്ക് പോയ രണ്ടാമത്തെ പ്രത്യേക വിമാനം ഇന്ത്യ തിരികെ വിളിച്ചു. വ്യോമ മാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം എല്ലാവരേയും മടക്കിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കുടുങ്ങിയവരെ തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യൻ എംബസി ആലോചിക്കുന്നത്.
ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് നിർദേശം.
കിഴക്കൻ യുക്രൈന്‍റെ അതിർത്തിമേഖലകളിൽ റഷ്യൻ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാൽ കിഴക്കിൽ നിന്ന് പരമാവധി മാറി, പടിഞ്ഞാറൻ അതിർത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാൻ സാധ്യത.
വളഞ്ഞിട്ട് റഷ്യൻ ആക്രമണം, തുടർച്ചയായ സ്ഫോടനങ്ങൾ, 7 മരണം, യുദ്ധഭൂമിയായി യുക്രൈൻ
റോഡ് മാർഗം അതിർത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാൽ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരൻമാരെ കൊണ്ടുവരാം. യുക്രൈൻ പടിഞ്ഞാറൻ അതിർത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാൽ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.
യുക്രൈനിലെ MEA ഹെൽപ് ലൈൻ
1800118797 (ടോൾ ഫ്രീ)
നമ്പറുകൾ
+91 11 23012113
+91 11 23014104
+91 11 23017905
ഫാക്സ്:
+91 11 23088124
ഇ-മെയിൽ:
situationroom@mea.gov.in
യുക്രൈനിലെ ഇന്ത്യൻ എംബസി 24*7 ഹെൽപ് ലൈൻ
+380 997300428
+380 997300483
ഇ-മെയിൽ: cons1.kyiv@mea.gov.in
വെബ്സൈറ്റ്: www.eoiukraine.gov.in