
മോസ്കോ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ട്രംപ് ഇസ്രയേലിനൊപ്പം ചേരുമെന്ന അഭ്യൂഹം നേരത്തെ പുറത്തു വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും ഉന്നത സൈനിക നേതാക്കൾക്കും എതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേൽ വ്യോമാക്രമണം തുടങ്ങിയത്. അപ്രതീക്ഷിത ആക്രമണമായിരുന്നു അത്. റഷ്യ ഈ ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലേക്ക് തിരിച്ച് ഡ്രോണ്‍, മിസൈൽ ആക്രമണങ്ങൾ ഇറാൻ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടു.
അമേരിക്കയുടെ അന്ത്യശാസനം തള്ളി ഇറാൻ
ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തെ യുദ്ധം കൊണ്ടും ബോംബിനെ ബോംബ് കൊണ്ടും ഇറാൻ നേരിടും. യാതൊരു വിധത്തിലുള്ള ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഇറാൻ പരമോന്നത നേതാവ് വ്യക്തമാക്കി.
സംഘർഷം ആറാം നാളിൽ
സംഘർഷത്തിന്‍റെ ആറാം നാൾ ഇറാനും ഇസ്രയേലും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഇടതടവില്ലാതെ ടെഹ്റാനിൽ ഇസ്രയേലിന്‍റെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. അത്യധുനിക ഇസ്രയേലി ഡ്രോൺ ടെഹ്റാന് സമീപം ഇറാൻ വെടിവെച്ചിട്ടു. യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകുമോ എന്നതിൽ അടുത്ത 48 മണിക്കൂർ നിർണായകമാണ്. എന്നാൽ പശ്ചിമേഷ്യയിൽ യു എസ് സൈനിക നീക്കം സജീവമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam