
ദില്ലി: അയോധ്യയിലെ രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ മോസ്‌കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും. നരേന്ദ്ര മോദിയാണ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. രാം ലല്ല വിരാജ്മാൻ ദേവന്റെ പൂജയും ചടങ്ങുകളും നടത്താനും രാമജന്മഭൂമി ക്ഷേത്രം നിർമിക്കുന്ന രാമജന്മഭൂമി തീർഥക്ഷേത്ര സ്ഥലം പരിശോധിക്കാനും മോദി ഒക്ടോബർ 23-ന് അയോധ്യയിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
12 കലാകാരന്മാർ അടങ്ങുന്ന മോസ്കോയിൽ നിന്നുള്ള ടീമിനെ ദിശ-ഇന്ത്യ റഷ്യ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയാണ് പരിശീലിച്ചതും ഏകോപിപ്പിച്ചതും. ഗെന്നഡി പിച്ച്‌നിക്കോവ് മെമ്മോറിയൽ റഷ്യൻ രാം ലീല ടീമും ദിശയും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായാണ് ഇവർ അയോധ്യയിൽ രാംലീല അവതരിപ്പിക്കുക. പതിറ്റാണ്ടുകളായി ഇവർ മോസ്കോയിൽ പ്രകടനം നടത്തുന്നു. 2018ൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഞങ്ങളെ ക്ഷണിച്ചപ്പോഴാണ് ആദ്യമായി ഇന്ത്യയിലെത്തിയത്.
കൊവിഡിന് ശേഷവും ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലും ഈ വർഷത്തെ സന്ദർശനം കൂടുതൽ സവിശേഷമാണെന്നും സംഘം പറഞ്ഞു. ശ്രീരാമനെ അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ റഷ്യൻ സ്റ്റേജ് നടനായിരുന്നു ഗെന്നഡി പിച്നിക്കോവ്. 'റഷ്യൻ റാം' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഉത്തർപ്രദേശ് സർക്കാർ അയോധ്യയിലെ സരയൂ നദീതീരത്ത് നടത്തുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുകയാണ്. രാവിലെ കേദാർനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തിയ നരേന്ദ്രമോദി ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. ഹിമാചല്‍ പ്രദേശ് സന്ദർശനത്തിനിടെ മോദിക്ക് യുവതി സമ്മാനമായി നല്‍കിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം. ഈ ചിത്രം മോദി ട്വീറ്റും ചെയ്തു. അടുത്തമാസമാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്. ഗൗരികുണ്ടില്‍നിന്നും കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള റോപ് വേ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2400 കോടി രൂപ ചിലവിട്ടാണ് റോപ്‍വേ നിർമ്മിക്കുന്നത്.